
ലണ്ടന്‍: യുകെയിൽ അഭയാർഥി സ്റ്റാറ്റസ് ലഭിക്കുന്നതിനായി പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ ലക്ഷ്യമിട്ട് വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി ബിബിസി റിപ്പോർട്ട്. ആയിരക്കണക്കിന് പൗണ്ട് ഈടാക്കിയാണ് ഈ സംഘം വ്യാജ രേഖകൾ നൽകി പാകിസ്ഥാൻ, ബംഗ്ലാദേശ് കുടിയേറ്റക്കാർക്ക് അഭയാർഥി പട്ടം നൽകുന്നത്. അപേക്ഷകരെ ഔദ്യോഗിക പരിശോധനയിൽ വിജയിക്കാൻ സഹായിക്കുന്നതിന് റെഡിമെയ്ഡ് കഥകൾ, വ്യാജ തെളിവുകൾ, പരിശീലന സെഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന റാക്കറ്റുകളെയാണ് കണ്ടെത്തിയത്.
പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളായി വേഷമിട്ട മാധ്യമപ്രവർത്തകർ വിസ കാലാവധി അവസാനിക്കാറായപ്പോൾ ഇമിഗ്രേഷൻ ഉപദേഷ്ടാക്കളെ സമീപിച്ചു. സാധുവായ കാരണങ്ങളൊന്നുമില്ലാതെ അഭയാർഥി സ്റ്റാറ്റസ് ലഭിക്കാനായി ലൈംഗിക സ്വത്വം അടിസ്ഥാനമാക്കി വ്യാജ അവകാശവാദമുന്നയിക്കാൻ 7,000 പൗണ്ട് വരെയാണ് ഈടാക്കുന്നതെന്നും കണ്ടെത്തി. സ്വവർഗാനുരാഗിയാണെന്ന് വാദമുന്നയിച്ച് നിരവധിപേർ അഭയാർഥി സ്റ്റാറ്റസ് സ്വന്തമാക്കിയെന്നും പറയുന്നു. അവകാശവാദമുന്നയിക്കുന്ന വ്യക്തി സ്വവർഗ്ഗാനുരാഗിയാണോ എന്ന് കണ്ടെത്താൻ ഒരു പരിശോധനയും ഇല്ലെന്നും സംഘങ്ങൾ ഉപദേശം നൽകുന്നു. അവകാശ വാദം അംഗീകരിക്കപ്പെട്ടാൽ നിങ്ങൾക്ക് ഇവിടെ താമസിക്കാനും ജോലി ചെയ്യാനും കഴിയും. കൂടാതെ ആനുകൂല്യങ്ങൾ അവകാശപ്പെടാനും അർഹത ലഭിക്കും.
പാകിസ്ഥാനിലും ബംഗ്ലാദേശിലും സ്വവർഗ ബന്ധങ്ങൾ നിയമവിരുദ്ധമായി തുടരുന്നതിനാൽ, നാട്ടിലേക്ക് മടങ്ങുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് അപേക്ഷകർ വാദിക്കും. അഭയം തേടുന്നവരെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പായ വോർസെസ്റ്റർ എൽജിബിടി സംഘടിപ്പിച്ച മീറ്റിംഗുകളിലേക്ക് റിപ്പോർട്ടർമാരെയും അന്വേഷണം കൊണ്ടുപോയി. പങ്കെടുത്ത നിരവധി പേർ തങ്ങൾ സ്വവർഗ്ഗാനുരാഗികളല്ലെന്ന് സ്വകാര്യമായി സമ്മതിച്ചു. യുകെയിലെ പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരിൽ നിന്നുള്ള അഭയ അപേക്ഷകൾ, പ്രത്യേകിച്ച് വിദ്യാർത്ഥി അല്ലെങ്കിൽ തൊഴിൽ വിസയിലുള്ളവരിൽ, കുത്തനെ വർദ്ധിച്ചുവരുന്ന സമയത്താണ് ബിബിസി സംഘം അന്വേഷണം നടത്തിയത്. ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും കൂടുതൽ അഭയ അപേക്ഷകൾ രേഖപ്പെടുത്തിയത് പാകിസ്ഥാനാണെന്നും 2023 ൽ ബംഗ്ലാദേശാണെന്നും റിപ്പോർട്ടിൽ ഉദ്ധരിച്ച ഡാറ്റ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam