
ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് സ്ഥാനക്കയറ്റം. അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘർഷമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് സ്ഥാനക്കയറ്റം. പാകിസ്ഥാൻ സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. അട്ടിമറി ഒഴിവാക്കാനുള്ള നീക്കമെന്നാണ് സൂചന.
2022ലാണ് സൈനിക മേധാവിയായി നിയമിച്ചത്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പിന്‍ഗാമിയായാണ് അസിം മുനീർ പാക് സൈന്യത്തിന്റെ തലവനാകുന്നത്. റാവൽപിണ്ടിയിലെ പള്ളി ഇമാമും സ്കൂൾ അധ്യാപകനുമായ സെയദ് സർവാർ മുനീറിന്റെ മകനായി ജനിച്ച അസീം മുനീർ കടുത്ത യാഥാസ്ഥാതികനാണ്. ജെയ്ഷെ മുഹമ്മദ് അടക്കമുള്ള കടുത്ത ഇന്ത്യാ വിരുദ്ധ, ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് അസിം മുനീർ പാകിസ്ഥാന്റെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ ശ്രമിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് തെല്ലും ശക്തിയില്ലാത്ത പാകിസ്ഥാനിൽ സേനാത്തലവനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്. യുദ്ധവെറി തലയ്ക്ക് പിടിച്ചപ്പോൾ, നേരിട്ട് ഏറ്റുമുട്ടാൻ കഴിവില്ലാത്ത ഒരു സൈന്യത്തിന്റെ നായകൻ പിന്തുണച്ച തീരുമാനമായിരുന്നു ഇന്ത്യക്കെതിരായ ഭീകരാക്രമണം.
പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിൽ പ്രധാനി പാക് സൈനിക മേധാവിയായ അസിം മുനീറാണ്. യുദ്ധവെറിയനായ പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരക്കിട്ട നീക്കങ്ങള്‍ പാകിസ്ഥാനില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങൾക്കായി ബലി കഴിച്ചു എന്നായിരുന്നു പാകിസ്ഥാൻ സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ അട്ടിമറി നീക്കം നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അസീം മുനീറിന് സ്ഥാനക്കയറ്റം നല്‍കി എന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam