
ഇസ്ലാമാബാദ്: ഇത്തവണ പുതുവത്സരാഘോഷം വേണ്ടെന്ന് പാകിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കർ. ഡിസംബർ 28നാണ് രാജ്യത്തെ പുതുവത്സരാഘോഷം പൂർണമായി നിരോധിച്ചെന്ന് അദ്ദേഹം അറിയിച്ചത്. യുദ്ധക്കെടുതിയിലായ പലസ്തീൻ ജനതക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് പുതുവത്സരാഘോഷം നിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ ജനതയോടുള്ള പാകിസ്ഥാന്റെ ഐക്യദാർഢ്യം വ്യക്തമാക്കുന്നതിനാണ് ആഘോഷങ്ങൾ നിരോധിച്ചത്. ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രസംഗത്തിൽ പലസ്തീനിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വ്യക്തമാക്കിയതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്റെ കർശനമായ നിരോധനം ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗാസയിലും വെസ്റ്റ് ബാങ്കിലും നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിലും നിരായുധരായ പലസ്തീനികളെ വംശഹത്യ ചെയ്യുന്നതിലും പാകിസ്ഥാനും മുസ്ലീം ലോകവും വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് കക്കർ കൂട്ടിച്ചേർത്തു. അൽ ജസീറയുടെ കണക്കനുസരിച്ച്, ഒക്‌ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 8,200 കുട്ടികളും 6,200 സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 21,110 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam