വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

By Web TeamFirst Published Feb 2, 2020, 9:35 AM IST
Highlights

വെട്ടുകിളികളുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബില്‍ വന്‍ തോതില്‍ വിളകള്‍ നശിപ്പിച്ച വെട്ടുകിളികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് അടിയന്താവസ്ഥ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് 'ഡോണ്‍ ന്യൂസി'നെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാന്‍ ഖാനൊപ്പം നാലു മന്ത്രിമാരും നാല് പ്രവിശ്യകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ 7.3 ബില്യണ്‍ പാകിസ്ഥാനി രൂപയുടെ ദേശീയ കര്‍മ്മ പദ്ധതിയും യോഗം അംഗീകരിച്ചു. 

വെട്ടുകിളി ആക്രമണം തടയാനും വിളകള്‍ സംരക്ഷിക്കാനും വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ ഇമ്രാന്‍ ഖാന്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദ്ദേശിച്ചു. 2019 മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യമായി  വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. തുടര്‍ന്ന് ഇവ സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിക്കുകയായിരുന്നു. ദക്ഷിണ പഞ്ചാബ്, ഖൈബര്‍, പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് വില വരുന്ന വിളകളാണ് വെട്ടുകിളി ആക്രമണത്തില്‍ നശിച്ചത്. 

Read More: 'ഹലാലാണ്' എന്ന വാഗ്ദാനത്തോടെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തിയ മതാധ്യാപകൻ അറസ്റ്റിൽ

click me!