'ഹലാലാണ്' എന്ന വാഗ്ദാനത്തോടെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തിയ മതാധ്യാപകൻ അറസ്റ്റിൽ

By Web TeamFirst Published Feb 1, 2020, 12:04 PM IST
Highlights

ഈ മരുന്ന് സേവിച്ചാൽ, കൂടുതൽ വേഗത്തിൽ മതപാഠങ്ങൾ ഹൃദിസ്ഥമാക്കാനും കൂടുതൽ സ്ഫുടതയോടെ നിത്യം പാരായണം ചെയ്യാനും സാധിക്കുമെന്ന് അയാൾ വിദ്യാർത്ഥികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

മഡുറ, ഇന്തോനേഷ്യ: മതപഠനത്തിനായി തന്റെ മദ്രസയിൽ എത്തിയിരുന്ന വിദ്യാർത്ഥികൾക്ക്, 'ഹലാലാണ്' എന്ന വാഗ്ദാനത്തോടെ മെത്ത് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ എന്ന മയക്കുമരുന്ന് വിറ്റുകൊണ്ടിരുന്ന മതാധ്യാപകനെ പൊലീസ് രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടി. രാജ്യത്ത് മെത്ത് നിയമം മൂലം നിരോധിതമായ ഒരു മയക്കുമരുന്നാണെങ്കിലും, അത് വിലക്കപ്പെട്ടിട്ടുണ്ട് എന്ന് ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല എന്നായിരുന്നു അയാൾ വിദ്യാർത്ഥികളോട് പറഞ്ഞത്. മാത്രവുമല്ല, ഈ മരുന്ന് സേവിച്ചാൽ, കൂടുതൽ വേഗത്തിൽ ഖുർആൻ ഹൃദിസ്ഥമാക്കാനും കൂടുതൽ സ്ഫുടതയോടെ നിത്യം പാരായണം ചെയ്യാനും സാധിക്കുമെന്ന് അയാൾ വിദ്യാർത്ഥികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു എന്ന് മലേഷ്യയിൽ നിന്ന് പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രമായ 'ദ സ്റ്റാർ' റിപ്പോർട്ട് ചെയ്യുന്നു.

അഹമ്മദ് മർസൂക്കി എന്ന മദ്രസ അധ്യാപകനാണ് കിഴക്കൻ ജാവയിലുള്ള മഡുറ എന്ന പട്ടണത്തിൽ നിന്ന് പൊലീസ് പിടിയിലായത്. മർസൂക്കിയും ഏറെക്കാലമായി ഈ മയക്കുമരുന്നിന്റെ അടിമ തന്നെയാണ്. ഈ കേസിന്റെ പേരിൽ കഴിഞ്ഞ രണ്ടു മാസമായി കിഴക്കൻ ജാവയിൽ പൊലീസ് തേടിനടക്കുമ്പോഴും, സുരബായയിലും, മോജോകെർത്തോയിലും മറ്റുമുള്ള മദ്രസകളിൽ അയാൾ അപ്പോഴും നിർബാധം തന്റെ മതാധ്യാപനം തുടരുകതന്നെയായിരുന്നു. കഴിഞ്ഞ ദിവസം മഡുറയിൽ ഒരു മയ്യത്തുനമസ്കാരത്തിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് ഒടുവിൽ മർസൂക്കിയെ പൊലീസ് വലയിൽ വീഴ്ത്തുന്നത്. പൊലീസ് തേടിയെത്തുമ്പോൾ, രണ്ടു ശിഷ്യരോടൊപ്പം വീട്ടിൽ തന്നെ ഇരുന്ന് മെത്ത് സേവിച്ച് ആകെ ഉന്മാദാവസ്ഥയിൽ ഇരിക്കുകയായിരുന്നു അയാൾ. 

അറസ്റ്റിനെത്തുടർന്ന് പൊലീസ് നടത്തിയ പത്രസമ്മേളനത്തിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് മർസൂക്കി ആവർത്തിച്ചു. ഇന്തോനേഷ്യൻ നിയമങ്ങൾ പ്രകാരം രാജ്യത്ത് മെത്ത് എന്ന ഈ ലഹരിവസ്തു വിലക്കപ്പെട്ടതാണ് എന്നതിന് ഖുർആനിൽ ഒരു തെളിവുമില്ല എന്നതാണ് അയാൾ കാരണമായി പറഞ്ഞത്.  എന്തായാലും ഇന്തോനേഷ്യൻ നാർക്കോട്ടിക്സ് നിയമപ്രകാരം ചുരുങ്ങിയത് 20 വർഷമെങ്കിലും  മർസൂക്കിക്ക് ജയിലിൽ കഴിയേണ്ടി വരും ഒപ്പം, അഞ്ചു കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ സംഖ്യ പിഴയും അടക്കേണ്ടി വരും. പിഴ അടച്ചില്ലെങ്കിൽ തടവുശിക്ഷയുടെ കാലാവധി വീണ്ടും കൂടും. 

click me!