ചൈനയിലെത്തിയ പാക് ഉപപ്രധാനമന്ത്രിക്ക് പകിട്ടില്ലാത്ത സ്വീകരണം; ചുവപ്പ് പരവതാനിയില്ല, ഉന്നത ഉദ്യോഗസ്ഥരുമില്ല

Published : May 19, 2025, 08:01 PM IST
ചൈനയിലെത്തിയ പാക് ഉപപ്രധാനമന്ത്രിക്ക് പകിട്ടില്ലാത്ത സ്വീകരണം; ചുവപ്പ് പരവതാനിയില്ല, ഉന്നത ഉദ്യോഗസ്ഥരുമില്ല

Synopsis

ചൈന സന്ദർശിക്കാനെത്തിയ പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന് ഔദ്യോഗിക സ്വീകരണവും ചുവപ്പ് പരവതാനിയുമില്ല.  പാകിസ്ഥാന് നാണക്കേടെന്ന് നയതന്ത്ര സമൂഹം.

ചൈനീസ് സന്ദർശനത്തിന് എത്തിയ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന് ചൈന ഔദ്യോഗിക സ്വീകരണമൊരുക്കാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നു. പാകിസ്ഥാനെ നാണം കെടുത്തുന്ന നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് പരക്കെ അഭിപ്രായമുയർന്നിട്ടുണ്ട്. വിദേശ രാജ്യത്തു നിന്ന് പ്രമുഖരെത്തുമ്പോൾ കാണാറുള്ള ചുവപ്പ് പരവതാനി പോലും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിക്ക് ചൈന ഒരുക്കിയിരുന്നില്ല. സ്വീകരിക്കാൻ  ഉന്നത ചൈനീസ് ഉദ്യോഗസ്ഥർ ആരുമില്ലായിരുന്നു. 'ഉറച്ച ബന്ധമുള്ള സഹോദരൻ' എന്ന് പാകിസ്ഥാൻ എപ്പോഴും വിശേഷിപ്പിക്കാറുള്ള ചൈനയിൽ നിന്നുണ്ടായ ഇത്തരമൊരു സമീപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിലവാരത്തെക്കുറിച്ച് പുതിയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
 

 

 

മെയ് 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പാക് ഉപപ്രധാനമന്ത്രി ദാർ ചൈനയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനും അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി കൂടി ഉൾപ്പെടുന്ന ത്രികക്ഷി യോഗത്തിൽ പങ്കെടുക്കാനുമൊക്കെയായാണ് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ സന്ദ‍ർശനം. എന്നാൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ചൈനയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നെന്ന് മാത്രം. ഉന്നതതല സന്ദർശനങ്ങളിൽ സാധാരണയായി നൽകാറുള്ള ഊഷ്മള സ്വീകരണത്തിന് പകരം, താഴ്ന്ന റാങ്കിലുള്ള ചൈനീസ് ഉദ്യോഗസ്ഥരാണ് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദാറിനായി ചുവപ്പ് പരവതാനി വിരിച്ചിരുന്നില്ല. പ്രതീകാത്മകമായ അവഗണനയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ 'എല്ലാ സാഹചര്യങ്ങളിലും നിലനിൽക്കുന്ന തന്ത്രപരമായ സഹകരണം'   ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദാറിന്റെ സന്ദർശനമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ക്ഷണപ്രകാരമാണ് സന്ദർശനമെന്നും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രാദേശിക സാഹചര്യളെക്കുറിച്ചുമൊക്കയുള്ള  ആഴത്തിലുള്ള ചർച്ചകൾ കൂടിക്കാഴ്ചയുടെ ഭാഗമായി നടക്കുമെന്നുമൊക്കെ ഈ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

മെയ് 20 ന് നടക്കാനിരിക്കുന്ന പാകിസ്ഥാൻ - ചൈന - അഫ്ഗാനിസ്ഥാൻ  ത്രികക്ഷി കൂടിക്കാഴ്ചയിൽ പ്രാദേശിക സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ കേന്ദ്രീകരിച്ച് വിശദമായ ചർച്ചകൾ നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ  പാക് ഉപപ്രധാനമന്ത്രിക്ക് ചൈനയിൽ ലഭിച്ച പകിട്ടില്ലാത്ത സ്വീകരണത്തിനിറെ പശ്ചാത്തലത്തിൽ എന്തായിരിക്കും ചർച്ചകളുടെ ഭാവിയെന്ന കാര്യത്തിലും അഭ്യൂഹങ്ങൾ നിഴലിക്കുന്നു. പാകിസ്ഥാൻ അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ കടുത്ത സമ്മ‍ർദം നേരിടുന്ന സന്ദർഭം കൂടിയാണിതെന്നതും ശ്രദ്ധേയമാണ്. ചൈനയുമായുള്ള സുദൃഢബദ്ധം തങ്ങളുടെ വിദേശനയത്തിന്റെ മികവായി പലപ്പോഴും എടുത്തുകാണിക്കുന്ന പാകിസ്ഥാന്, ചൈനീസ് മണ്ണിൽ തങ്ങളുടെ ഉപപ്രധാനമന്ത്രിക്ക് ലഭിച്ച ഈ സ്വീകരണം ചെറുതല്ലാത്ത ക്ഷീണമേൽപ്പിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സുനാമികളിലും ഭൂകമ്പങ്ങളിലും കുലുങ്ങാത്ത ജപ്പാൻ; സമാനതകളില്ലാത്ത പ്രതിരോധം, സന്ദർശകർക്ക് ഒരു വഴികാട്ടി
തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം, കാറിനെ ഇടിച്ചിട്ട് എമ‍ർജൻസി ലാൻഡിങ്; സംഭവം ഫ്ലോറിഡയിൽ- VIDEO