
കറാച്ചി: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകളുടെ ഇറക്കുമതി നിര്‍ത്തി വെച്ചതോടെ മരുന്നുക്ഷാമം നേരിട്ട് പാകിസ്ഥാന്‍. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്സിൻ വിതരണം നിർത്തിവച്ചതാണ് പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. പ്രതിരോധ മരുന്നിന്‍റെ വരവ് നിലച്ചതോടെ സിന്ധ് പ്രവിശ്യയിലടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നായ്ക്കളുടെ ആക്രമണം കൂടുതുലുള്ള പ്രദേശങ്ങളിലൊന്നും മരുന്ന് കിട്ടാത്ത അവസ്ഥയിലാണ്.
മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന പ്രതിരോധമരുന്നുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളുടെ വിലയിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിന് 1,000 രൂപ (6 ഡോളർ) വിലവരും. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 70,000 രൂപയും (446 യുഎസ് ഡോളർ) വിലവരുമെന്ന് റാബിസ് ഫ്രീ കറാച്ചി പ്രോഗ്രാം ഡയറക്ടർ നസീം സലാഹുദ്ദീൻ പറഞ്ഞു. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ മാത്രമേ വാക്സിനുകള്‍ ലഭ്യമാകൂ .
സിന്ധ് പ്രവിശ്യയിലെ തലസ്ഥാനമായ കറാച്ചി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ റാബിസ് വിരുദ്ധ വാക്സിന്‍റെ കുറവുണ്ട്. ഇന്ത്യയിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയും പാകിസ്ഥാന്‍ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്നുണ്ടായ ഉഭയകക്ഷി സംഘർഷത്തെ തുടർന്നാണ് ഇന്ത്യയിൽ നിന്ന് ആന്‍റി റാബിസ് വാക്സിൻ ഇറക്കുമതി ചെയ്യുന്നത് പാകിസ്ഥാൻ നിര്‍ത്തിയതെന്നാണ് സൂചന. കറാച്ചിയിലെ തെരുവുകളിൽ നായ്ക്കളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കറാച്ചി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 130 ഓളം നായ്ക്കളുടെ കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നായകളുടെ ആക്രമണം കൂടി വരുമ്പോള്‍ വാക്സിന്‍റെ ലഭ്യതക്കുറവ് പാകിസ്ഥാനില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam