
ദില്ലി: അഫ്ഗാനിസ്ഥാനിലെ കാബൂളിലും മറ്റ് പ്രവിശ്യകളിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി താലിബാൻ സേന കനത്ത തിരിച്ചടി നൽകിയതിൽ 15 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഹെൽമന്ദ് പ്രവിശ്യയിലെ ബഹ്റാംപൂർ ജില്ലയിലെ ദുറൻഡ് ലൈനിന് സമീപം കഴിഞ്ഞ രാത്രി അഫ്ഗാൻ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഹെൽമന്ദ് പ്രൊവിൻഷ്യൽ സർക്കാർ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് മാധ്യമങ്ങളെ അറിയിച്ചു. ഈ ഓപ്പറേഷനിൽ അഫ്ഗാൻ സേന മൂന്ന് പാകിസ്ഥാൻ സൈനിക ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കാബൂളിലും പാക്റ്റിക പ്രവിശ്യയിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് അഫ്ഗാൻ സേന തിരിച്ചടിക്ക് ഒരുങ്ങിയത്. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലുടനീളമുള്ള ഹെൽമന്ദ്, കാണ്ഡഹാർ, സാബുൾ, പാക്റ്റിക, പാക്ടിയ, ഖോസ്റ്റ്, നംഗർഹാർ, കുനാർ എന്നീ പ്രവിശ്യകളിലെ പാക് പോസ്റ്റുകൾ ലക്ഷ്യമിട്ടാണ് അഫ്ഗാൻ സൈന്യം ആക്രമണം ആരംഭിച്ചത്. വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിൽ മൂന്ന് സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കാബൂളിൽ രണ്ടെണ്ണവും തെക്കുകിഴക്കൻ പാക്റ്റികയിൽ ഒരെണ്ണവും. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുകയും ഇത് തങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
'പാകിസ്ഥാൻ സൈന്യം കാബൂളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായാണ് താലിബാൻ സേന അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാക് സുരക്ഷാ സേനയുമായി കനത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടത്' അഫ്ഗാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്ത് ഖൊവരാസ്ം പിന്നീട് ഈ ഓപ്പറേഷനുകൾ അർദ്ധരാത്രിയോടെ വിജയകരമായി അവസാനിച്ചു എന്നായിരുന്നു വാർത്താ ഏജൻസിയായ എഎഫ്പിയോട് അദ്ദേഹം പറഞ്ഞത്.
പാകിസ്ഥാൻ വീണ്ടും അഫ്ഗാനിസ്ഥാൻ്റെ അതിര്‍ത്തി ലംഘിച്ചാൽ, സായുധ സേന പ്രതിരോധിക്കാൻ തയ്യാറാണ്, ശക്തമായി തിരിച്ചടിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചത്തെ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പാകിസ്ഥാൻ താലിബാനെ (ടിടിപി) തങ്ങളുടെ മണ്ണിൽ സംരക്ഷിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുകയും പ്രത്യാഘാതം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.