
ന്യൂയോർക്ക്: നോബൽ സമ്മാന ജേതാക്കളായ എസ്തർ ഡഫ്ലോയും അഭിജിത് ബാനർജിയും അമേരിക്ക വിട്ട് സൂറിച്ച് സർവകലാശാലയിൽ ചേരുമെന്നും പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും റിപ്പോർട്ട്. നിലവിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) ജോലി ചെയ്യുന്ന ദമ്പതികൾ അടുത്ത വർഷം ജൂലൈ മുതൽ സൂറിച്ച് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര ഫാക്കൽറ്റിയിൽ ചേരുമെന്ന് സൂറിച്ച് സർവകലാശാല (യുഇസെഡ്എച്ച്) അറിയിച്ചു. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് മൈക്കൽ ക്രെമറിനൊപ്പം 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ദമ്പതികൾ, എന്തുകൊണ്ടാണ് അമേരിക്ക വിടാൻ തീരുമാനിച്ചതെന്ന് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.
എന്നാൽ, ഗവേഷണ ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങളും സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണങ്ങളും കാരണമാണ് നൊബേൽ ജേതാക്കൾ സ്വിറ്റ്സർലൻഡിലേക്ക് മാറുന്നതെന്ന് സൂചനയുണ്ട്. നേരത്തെ ശാസ്ത്രത്തിനെതിരെയുള്ള അമേരിക്കൻ നയങ്ങളെ വിമർഷിച്ച് ലെ മോണ്ടെ പത്രത്തിൽ ഇരുവരും എഴുതിയിരുന്നു, ലെമാൻ ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇരുവർക്കും എൻഡോവ്ഡ് പ്രൊഫസർഷിപ്പ് ഉണ്ടായിരിക്കുമെന്ന് സർവകലാശാല അറിയിച്ചു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് സാമ്പത്തിക വിദഗ്ധർ ഒപ്പം ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് മൈക്കൽ ഷേപ്മാൻ പറഞ്ഞു. ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.