തകർന്നുവീഴുന്ന കൂറ്റൻ കെട്ടിടങ്ങൾ, വമ്പൻ പാലങ്ങൾ, രക്ഷ തേടുന്ന മനുഷ്യർ; ലോകത്തെ നടുക്കി പാക് പ്രളയ വീഡിയോകൾ

Published : Aug 27, 2022, 05:17 PM IST
തകർന്നുവീഴുന്ന കൂറ്റൻ കെട്ടിടങ്ങൾ, വമ്പൻ പാലങ്ങൾ, രക്ഷ തേടുന്ന മനുഷ്യർ; ലോകത്തെ നടുക്കി പാക് പ്രളയ വീഡിയോകൾ

Synopsis

നിരവധി പാലങ്ങളും വലിയ ഹോട്ടലുകളും തക‍ർന്നു വീഴുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പുറത്തുവന്നിട്ടുണ്ട്. ഖൈബർ പഖ്‍തുൻഖ്വാ സ്വാത് മേഖലയിലാണ് കനത്ത നാശം റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ കണ്ണിരിലാഴ്ത്തുന്ന മഹാ പ്രളയത്തിന്‍റെ പുറത്തുവരുന്ന വീഡിയോകൾ ആരെയും നടുക്കുന്നതാണ്. കൂറ്റൻ കെട്ടിടങ്ങളും വമ്പൻ പാലങ്ങളുമെല്ലാം പ്രളയത്തിൽ തകർന്ന് വീഴുന്നതിന്‍റെയടക്കം വീഡിയോകൾ പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നുണ്ട്. കുത്തിയൊലിച്ചുവരുന്ന പ്രളയ ജലത്തിൽ പാക്കിസ്ഥാനിലാകെ 7 ലക്ഷത്തോളം വീടുകളാണ് തകർന്നടിഞ്ഞതെന്നാണ് കണക്ക്. നിരവധി പാലങ്ങളും വലിയ ഹോട്ടലുകളും തക‍ർന്നു വീഴുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പുറത്തുവന്നിട്ടുണ്ട്. ഖൈബർ പഖ്‍തുൻഖ്വാ സ്വാത് മേഖലയിലാണ് കനത്ത നാശം റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്. ഇവിടെ മാത്രം 24 പാലങ്ങളും 50 ഹോട്ടലുകളും നിലംപൊത്തിയിട്ടുണ്ട്.

വീഡിയോകൾ കാണാം

 

മൂന്നര കോടിയോളം മനുഷ്യർ മഹാപ്രളയത്തിന്‍റെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനിൽ നിന്നുള്ള വിവരം. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായപ്പോൾ പരിക്കേറ്റവരുടെ എണ്ണം വളരെ അധികമാണ്. രാജ്യത്താകമാനമായി 150 പാലങ്ങളും മൂവായിരത്തിലധികം കിലോമീറ്റർ റോഡും പ്രളയത്തിൽ നശിച്ചിട്ടുണ്ട്. 57 ലക്ഷം ജനങ്ങൾ പ്രളയത്തിൽ അഭയകേന്ദ്രങ്ങളില്ലാതെ നിൽക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡ‍ോൺ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയ സാഹചര്യത്തിൽ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രമുഖ  അന്താരാഷ്ട്രാ മാധ്യമങ്ങളായ ബി ബി സിയും അൽ ജസീറയുമടക്കം റിപ്പോ‍ർട്ട് ചെയ്തു. മാരകമായ വെള്ളപ്പൊക്ക കെടുതികളെ നേരിടാൻ ലോകം പാക്കിസ്ഥാനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭ്യർത്ഥിച്ചു.

മരണസംഖ്യ 1000 കടന്നു, പാകിസ്ഥാനെ കണ്ണീരിലാഴ്ത്തി മഹാപ്രളയം; അടിയന്തരാവസ്ഥ, ലോകം സഹായിക്കണമെന്ന് പ്രധാനമന്ത്രി

ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിലും ഷാംഗ്ല, മിംഗോറ, കൊഹിസ്ഥാൻ മേഖലകളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഗൽ, ദുരുഷ്ഖേല, ചമൻലാലൈ, കലകോട്ട് എന്നിവിടങ്ങളും കനത്ത വെള്ളപ്പൊക്കത്തിലാണ്. ഖൈബർ പഖ്തൂൺഖ്വയിൽ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ജൂൺ മുതൽ ഇതുവരെയായി 251 മരണങ്ങളാണ് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽ അമ്യൂസ്‌മെന്‍റ് പാർക്കുകളും റെസ്റ്റോറന്‍റുകളും വെള്ളത്തിനടിയിലായതായെന്ന് പാകിസ്ഥാൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.

കുത്തിയൊലിച്ച പുഴയിൽ അകപ്പെട്ട് കുട്ടി, പാഞ്ഞടുത്ത് മുതലക്കൂട്ടം, അലറിക്കരഞ്ഞ് കുട്ടി; അത്ഭുത രക്ഷപ്പെടുത്തൽ!

അതേസമയം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സിന്ധ് താഴ്വാര സന്ദർശിച്ച് പ്രളയബാധിതർക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മാത്രം സ്വാതിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചിരുന്നു. ഇവിടെ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയത്. ദേര ഇസ്മായിൽ ഖാനിലും ടാങ്കിലും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കെ പി മുഖ്യമന്ത്രി മഹമൂദ് ഖാനും സന്ദർശിച്ചു. രാജ്യത്തുടനീളം ചെറുതും ഇടത്തരവുമായ അണക്കെട്ടുകൾ നിർമ്മിക്കുകയാണെങ്കില്‍ വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കാൻ കഴിയുമെന്ന് ഇമ്രാൻ അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം