
ഇസ്ലാമാബാദ്: പാക്കിസ്ഥാനെ കണ്ണിരിലാഴ്ത്തുകയാണ് നിർത്താതെ പെയ്യുന്ന കനത്ത മഴ. മഹാ പ്രളയത്തിൽ പാകിസ്ഥാനിൽ ആയിരത്തിലേറെ പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. പ്രളയ സാഹചര്യത്തിൽ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രമുഖ അന്താരാഷ്ട്രാ മാധ്യമങ്ങളായ ബി ബി സിയും അൽ ജസീറയുമടക്കം റിപ്പോർട്ട് ചെയ്തു. മാരകമായ വെള്ളപ്പൊക്ക കെടുതികളെ നേരിടാൻ ലോകം പാക്കിസ്ഥാനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭ്യർത്ഥിച്ചു.
മൂന്നര കോടിയോളം മനുഷ്യർ മഹാപ്രളയത്തിന്‍റെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനിൽ നിന്നുള്ള വിവരം. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായപ്പോൾ പരിക്കേറ്റവരുടെ എണ്ണം വളരെ അധികമാണ്. ഏഴ് ലക്ഷത്തോളം വീടുകളാണ് രാജ്യത്ത് തകർന്നത്. 150 പാലങ്ങളും മൂവായിരത്തിലധികം കിലോമീറ്റർ റോഡും പ്രളയത്തിൽ നശിച്ചിട്ടുണ്ട്. 57 ലക്ഷം ജനങ്ങൾ പ്രളയത്തിൽ അഭയകേന്ദ്രങ്ങളില്ലാതെ നിൽക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോൺ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്വാ മേഖലകളിലാണ് കനത്ത നാശം റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ മാത്രം 24 പാലങ്ങളും 50 വലിയ ഹോട്ടലുകളും ഒലിച്ചുപൊയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെ കൂടാതെ സ്വാത്, ഷാംഗ്ല, മിംഗോറ, കൊഹിസ്ഥാൻ മേഖലകളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു. അഗൽ, ദുരുഷ്ഖേല, ചമൻലാലൈ, കലകോട്ട് എന്നിവിടങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഖൈബർ പഖ്തൂൺഖ്വയിൽ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ജൂൺ മുതൽ ഇതുവരെയായി 251 മരണങ്ങളാണ് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽ അമ്യൂസ്‌മെന്‍റ് പാർക്കുകളും റെസ്റ്റോറന്‍റുകളും വെള്ളത്തിനടിയിലായതായെന്ന് പാകിസ്ഥാൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴ ശക്തം, കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപ്പൊട്ടലെന്ന് സംശയം
അതേസമയം, ദേര ഇസ്മായിൽ ഖാനിലും ടാങ്കിലും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കെപി മുഖ്യമന്ത്രി മഹമൂദ് ഖാനും സന്ദർശിച്ചു. രാജ്യത്തുടനീളം ചെറുതും ഇടത്തരവുമായ അണക്കെട്ടുകൾ നിർമ്മിക്കുകയാണെങ്കില്‍ വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കാൻ കഴിയുമെന്ന് ഇമ്രാൻ അഭിപ്രായപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച സിന്ധ് താഴ്വാര സന്ദർശിച്ച് പ്രളയബാധിതർക്ക് സഹായം പ്രഖ്യാപിച്ചു. ഇന്നലെ സ്വാതിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചു. ഇവിടെ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയത്.
അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍, കൈവീശി സൗഹൃദം പങ്കിട്ട് പാക്കിസ്ഥാന്‍ സൈനികരും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam