
ഇസ്ലാമാബാദ്: പാകിസ്താനിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പാകിസ്താൻ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പെട്രോളിന് ലിറ്ററിന് 4.07 രൂപയും ഹൈ-സ്പീഡ് ഡീസലിന് 4.04 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 268.68 രൂപയായി. ഹൈ-സ്പീഡ് ഡീസലിന് പുതിയ വില ലിറ്ററിന് 276.81 രൂപയായി വർധിച്ചു. പുതിയ പെട്രോൾ, ഡീസൽ വിലകൾ ഉടനടി പ്രാബല്യത്തിൽ വന്നു. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിന് പിന്നാലെ പാകിസ്താനിൽ സര്‍ക്കാരിനെതിരെ വ്യാപകമായ പൊതുജനരോഷം ഉയർന്നിരിക്കുകയാണ്.
പെട്രോൾ, ഡീസൽ വില വർദ്ധനവിന് പിന്നാലെ പാചക വാതകമായ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽപിജി) ഒക്ടോബറിലെ വില കുറച്ചതായി പാകിസ്താൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഒരു ഗാർഹിക എൽപിജി സിലിണ്ടറിന് 79.14 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 2,527 രൂപയിൽ നിന്ന് 2,448 രൂപയായി. ഒരു കിലോ എൽപിജിയുടെ വില 214.19 രൂപയിൽ നിന്ന് 207.48 രൂപയായി കുറഞ്ഞു.
ഇന്ധന വില വർദ്ധിപ്പിച്ചതിനെ തുടർന്ന് പാകിസ്താനിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ പാവപ്പെട്ടവരുടെ ആവശ്യങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്നാണ് ജനങ്ങളുടെ ആരോപണം. ഒരു മാസത്തിനിടെ പെട്രോളിന്റെ വില രണ്ട് തവണ കൂടിയെന്നും സർക്കാർ പാവപ്പെട്ടവരെ ശ്രദ്ധിക്കുന്നില്ലെന്നുമാണ് ജനങ്ങൾ പറയുന്നത്. ഏറ്റവും പുതിയ ഇന്ധന വില വർദ്ധനവിനെ കുറിച്ച് പാകിസ്താൻ പൗരനായ ഇമ്രാൻ എന്നയാൾ വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. ‘എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ വില കുറയുകയാണ്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ, ഇവിടെ വില കൂടുകയാണ്’ എന്നായിരുന്നു ഇമ്രാൻ്റെ പ്രതികരണം.
‘ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാം, ഒരു മാസത്തിനിടെ പെട്രോളിന്റെ വില രണ്ട് തവണ കൂടി. പാവപ്പെട്ടവർ എങ്ങോട്ട് പോകും? അവർ കെ-ഇലക്ട്രിക്കിന്റെ വില വർദ്ധിപ്പിക്കുന്നു, അവർ ഗ്യാസിന്റെ വില വർദ്ധിപ്പിക്കുന്നു, അവർ പെട്രോളിന്റെ വില വർദ്ധിപ്പിക്കുന്നു. സർക്കാർ പാവപ്പെട്ടവരെ ശ്രദ്ധിക്കുന്നില്ല. എൻ്റെ അഭിപ്രായത്തിൽ പെട്രോൾ വില കുറയ്ക്കണം. ലോകത്തെല്ലായിടത്തും, അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ ആ രാജ്യങ്ങളിലെല്ലാം വില കുറയുകയാണ് ചെയ്യുന്നത്’. ഇമ്രാൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam