ട്രംപിനെ ഞെട്ടിക്കുന്ന നീക്കം, യുഎസ് നിലപാട് കടുപ്പിക്കുമ്പോൾ സുപ്രധാന ഉച്ചകോടിക്ക് ഇന്ത്യയും റഷ്യയും; ഡിസംബറിൽ പുടിൻ ഇന്ത്യയിലേക്ക്

Published : Oct 01, 2025, 05:29 PM IST
putin modi and trump

Synopsis

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. യുക്രൈൻ യുദ്ധത്തിന് ശേഷമുള്ള ഈ ആദ്യ സന്ദർശനം, മാറുന്ന ആഗോള സാഹചര്യങ്ങളിലും ഇന്ത്യ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകൾക്കിടയിലും അതീവ പ്രാധാന്യമർഹിക്കുന്നു. 

ദില്ലി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.

മാറുന്ന ആഗോള സമവാക്യങ്ങൾക്കിടയിലെ സന്ദർശനം

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പുടിന്‍റെ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ - യുഎസ് ബന്ധത്തിൽ അടുത്ത കാലത്തായി ഉലച്ചിലുകൾ നേരിടുന്നുണ്ട്. എന്നാൽ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുകയും ചെയ്തിരുന്നു.

യുഎസ് നിലപാടിനെ ഇന്ത്യ ശക്തമായി തള്ളി

യുഎസുമായുള്ള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് രംഗത്തെത്തി. 'ഇന്ത്യ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്' എന്ന് അദ്ദേഹം പറയുകയും, അമേരിക്കൻ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കണമെങ്കിൽ 'പ്രസിഡന്‍റുമായി സഹകരിച്ച് കളിക്കണം' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുഎസിന്‍റെ നിലപാട് കപടവും അന്യായവുമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഈ വാദത്തെ തള്ളിക്കളഞ്ഞത്. ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പോള പരിഗണനകളെ ആശ്രയിച്ചാണ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾ, യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ, റഷ്യയുമായി വ്യാപാരം തുടരുന്ന കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ആരോപിച്ചു. യുഎസ് സമ്മർദ്ദങ്ങൾക്കിടയിലും, റഷ്യൻ എണ്ണ വ്യാപാരം നിർത്താൻ ഇന്ത്യ ഒരു സൂചനയും നൽകിയിട്ടില്ല. പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയ ശേഷം മോസ്കോ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരായി മാറിയിട്ടുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം