
ഇസ്ലാമാബാദ്: പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന പാകിസ്ഥാന്‍റെ കാവൽ പ്രധാനമന്ത്രിയായി അന്‍വാര്‍ ഉള്‍ ഹഖ് കാക്കർ സ്ഥാനമേറ്റു. പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് സെനറ്ററായ കാക്കറിനെ കാവൽ പ്രധാമന്ത്രിയാക്കാൻ തീരുമാനിച്ചത്. ശുപാര്‍ശ പ്രസിഡന്‍റ് ആരിഫ് അൽവി അംഗീകരിച്ചു.
ബുധനാഴ്ച പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. നിയമപ്രകാരം 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. ഇതിനായാണ് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇല്ലാതെയാകും ഇത്തവണത്തെ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് എന്ന് ഇതോടെ വ്യക്തമാകുകയാണ്. തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ട ഇമ്രാൻ ഇപ്പോൾ ജയിലിലാണ്. ശിക്ഷിക്കപ്പെട്ടതിനാൽ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല.
ഇമ്രാൻ ഖാൻ ഇക്കുറി കളത്തിന് പുറത്ത്
പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിലാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാന്‍ ഖാൻ ശിക്ഷിക്കപ്പെട്ടത്. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതോടൊപ്പം തന്നെ അഞ്ച് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ഇമ്രാന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് നിലനിൽക്കുന്നതിനാൽ ഇക്കുറി പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇമ്രാൻ ഖാൻ കളത്തിന് പുറത്തായിരിക്കും. പാകിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് ഇമ്രാൻ ഖാനെതിരായ കോടതി വിധിയുണ്ടായത്. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്നാണ് ഇമ്രാനെതിരായ കുറ്റം. 2018 മുതൽ 22 വരെയുള്ള കാലയളവിൽ പാകിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രിയെന്ന നിലയിൽ പാരിതോഷികങ്ങൾ വാങ്ങി മറിച്ച് വിറ്റുവെന്നാണ് കേസ്. 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്. ഇതിന് പിന്നാലെയാണ് കോടതിയും ഇമ്രാന് പ്രഹരം നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം