ഇന്ത്യൻ സംഘം യുഎസിൽ, ഇതിനിടെ നിർണായക നീക്കം നടത്തി പാകിസ്ഥാൻ; വീണ്ടും ട്രംപിന് ക്രെഡിറ്റും ഇടപെടൽ അഭ്യർഥനയും

Published : Jun 05, 2025, 12:37 PM ISTUpdated : Jun 06, 2025, 04:15 PM IST
trump modi shehbaz

Synopsis

ഇന്ത്യയുമായുള്ള ചര്‍ച്ചകൾ സുഗമമാക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു

ഇസ്ലാമാബാദ്: ഇന്ത്യ - പാകിസ്ഥാൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് പാകിസ്ഥാൻ. ഇന്ത്യയുമായുള്ള ചര്‍ച്ചകൾ സുഗമമാക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു. ഓപ്പറേഷൻ സിന്ദൂറിന് കാരണമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇസ്ലാമാബാദിന്‍റെ പങ്ക് തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം.

ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യയുമായുള്ള സാഹചര്യം ലഘൂകരിക്കുന്നതിൽ ഡോണാൾഡ് ട്രംപിന്‍റെ പങ്കിനെ ഷെഹബാസ് ഷെരീഫ് പ്രശംസിച്ചു. എന്നാൽ, ഈ അവകാശവാദം ഇന്ത്യ പരസ്യമായി നിഷേധിച്ചിരുന്നു. മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരി ഉന്നയിച്ച ആവശ്യം പാകിസ്ഥാൻ പ്രധാനമന്ത്രി ആവർത്തിക്കുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ സഹായിച്ചതിന് ട്രംപ് അഭിനന്ദനം അർഹിക്കുന്നു എന്ന് ബിലാവൽ ഭൂട്ടോ-സർദാരി അവകാശപ്പെട്ടിരുന്നു.

"പത്ത് വ്യത്യസ്ത സന്ദർഭങ്ങളിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സുഗമമാക്കിയതിന് അദ്ദേഹം ക്രെഡിറ്റ് എടുത്തിട്ടുണ്ട്. അത് ശരിയുമാണ്. ആ ക്രെഡിറ്റ് അദ്ദേഹത്തിന് അർഹമാണ്. കാരണം അദ്ദേഹത്തിന്‍റെ ശ്രമങ്ങളാണ് വെടിനിർത്തൽ സാധ്യമാക്കിയത്. അതിനാൽ, ഈ വെടിനിർത്തൽ നിലനിർത്താൻ പാകിസ്ഥാനെ സഹായിക്കാൻ യുഎസ് തയ്യാറാണെങ്കിൽ, ഒരു സമഗ്രമായ ചര്‍ച്ച ഒരുക്കുന്നതിൽ അമേരിക്കൻ പങ്ക് ഞങ്ങൾക്കും പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമാണ്"- എന്നാണ് ബിലാവൽ ഭൂട്ടോ-സർദാരി പറഞ്ഞത്. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വിഷയങ്ങളിൽ കശ്മീർ പ്രശ്നം ഉൾപ്പെടെ, മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ ഇന്ത്യ തള്ളിയിട്ടുണ്ട്.

അതേസമയം, 33 രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്‍റെ ഭാഗമായി സന്ദര്‍ശനം നടത്തുന്ന പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു 59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന്‍റെ ചുമതല.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ