
ദില്ലി: ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിന് കറാച്ചി തുറമുഖത്തേക്ക് പ്രവേശനം അനുവദിച്ച് പാകിസ്ഥാൻ. രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ പാക്-ബംഗ്ലാദേശ് സംയുക്ത സാമ്പത്തിക കമ്മീഷൻ (ജെഇസി) യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം. പാകിസ്ഥാൻ വാർത്താ ഏജൻസിയായ സമ ടിവിയുടെ റിപ്പോർട്ട് പ്രകാരം, തുറമുഖ പ്രവേശനം ബംഗ്ലാദേശിന് ചൈനയുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാര ശൃംഖല വികസിപ്പിക്കാൻ സാധിക്കും.
ഇരുപക്ഷവും തങ്ങളുടെ ദേശീയ ഷിപ്പിംഗ് ലൈനുകൾക്കിടയിൽ ശക്തമായ സഹകരണത്തിന് ഊന്നൽ നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് കപ്പലുകൾക്ക് കറാച്ചി തുറമുഖം തുറന്നുകൊടുക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ധാക്കയിലേക്കുള്ള വ്യാപാര റൂട്ടുകൾ സുഗമമാക്കുമെന്നും, പ്രാദേശിക, അയൽ വിപണികളിൽ വാണിജ്യ ഇടപെടലിനുള്ള അവസരങ്ങൾ വികസിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടെയാണ് പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്. ഈ വർഷം ഇന്ത്യ ബംഗ്ലാദേശിന്റെ കയറ്റുമതിയിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ, ബംഗ്ലാദേശിൽ നിന്നുള്ള തെരഞ്ഞെടുത്ത ചണ ഉൽപ്പന്നങ്ങളുടെയും കയറുകളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖം വഴി കയറ്റുമതി വഴിതിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വസ്ത്രങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, ചണം എന്നിവയുൾപ്പെടെ ബംഗ്ലാദേശി ഉൽപ്പന്നങ്ങളുടെ കടത്തിനും ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി. ഏപ്രിലിൽ ഇന്ത്യ ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം പിൻവലിച്ചു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ചൈനയിൽ നടത്തിയ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയ സ്പെക്ട്രത്തിൽ കടുത്ത വിമർശനത്തിന് കാരണമായതിനെത്തുടർന്ന്, രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വ്യാപാര നിയന്ത്രണങ്ങൾ പുറത്തുവരുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിനെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ ബംഗ്ലാദേശിന് കഴിയാത്തതും ബന്ധം വഷളാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam