കര്‍താര്‍പുര്‍ ഗുരുദ്വാര സന്ദര്‍ശനം; തീര്‍ത്ഥാടകരില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി പാക്കിസ്ഥാന്‍

By Web TeamFirst Published Sep 12, 2019, 4:56 PM IST
Highlights

പണം പ്രവേശനത്തിനുള്ള ഫീസ് അല്ല. സര്‍വ്വീസ് ചാര്‍ജ് ഇനത്തിലാണ് തുക വാങ്ങുന്നത്.

ഇസ്ലാമാബാദ്: കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും പണം ഈടാക്കാനൊരുങ്ങി പാക്കിസ്ഥാന്‍. 20 യുഎസ് ഡോളര്‍ അതായത് 1424 ഇന്ത്യന്‍ രൂപയാണ് സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പണം പ്രവേശനത്തിനുള്ള ഫീസ് അല്ലെന്നും സര്‍വ്വീസ് ചാര്‍ജ് ഇനത്തിലാണ് തുക വാങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവിലേക്കായി പണം വിനിയോഗിക്കുമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. നാലുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് കടക്കാനാകും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. 

കര്‍താര്‍പുര്‍ ഇടനാഴി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. കര്‍താര്‍പുര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരില്‍ നിന്നും പണം ഈടാക്കണമെന്ന ഇസ്ലാമാബാദിന്‍റെ നിര്‍ബന്ധത്തിലുള്ള അഭിപ്രായ ഭിന്നതകളും ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായിരുന്നു.  

 

click me!