ട്രംപിനെ ഇംപ്രസ് ചെയ്യാൻ ഷഹബാസ് ഷരീഫ്, തടിപ്പെട്ടി തുറന്ന് അസിം മുനീർ; കാണിച്ചുകൊടുത്തത് അപൂർവ ധാതുക്കൾ

Published : Sep 29, 2025, 12:08 AM IST
shehbaz sharif trump

Synopsis

ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ അസിം മുനീർ തുറന്നുവെച്ച തടിപ്പെട്ടിക്കുള്ളിലെ അപൂർവ ധാതുക്കൾ ട്രംപിന് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഷഹബാസ് ഷരീഫ് ചിരിയോടെ നോക്കിനിൽക്കുന്നതും ചിത്രത്തിലുണ്ട്.

വാഷിങ്ടണ്‍: വൈറ്റ് ഹൗസിൽ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും കരസേനാ മേധാവി അസിം മുനീറും പാകിസ്ഥാന്‍റെ അപൂർവ്വ ധാതുക്കളുടെ സാമ്പിൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നിൽ പ്രദർശിപ്പിച്ചു. ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ അസിം മുനീർ തുറന്നുവെച്ച തടിപ്പെട്ടിക്കുള്ളിലെ അപൂർവ ധാതുക്കൾ ട്രംപിന് ചൂണ്ടിക്കാണിച്ചുകൊടുത്തു. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിച്ച ആദ്യത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും പങ്കെടുത്ത ഈ കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. അസിം മുനീർ ജൂണിൽ ഓവൽ ഓഫീസിൽ വെച്ച് യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോകമെമ്പാടും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ട്രംപ് നടത്തിയ 'ആത്മാർത്ഥമായ ശ്രമങ്ങളെ' അഭിനന്ദിക്കുന്നുവെന്ന് ഷെഹബാസ് ഷെരീഫ് പ്രസ്താവനയിൽ പറഞ്ഞു. ട്രംപിനെ പാക് പ്രധാനമന്ത്രി 'സമാധാനത്തിന്റെ മനുഷ്യൻ' എന്നാണ് വിശേഷിപ്പിച്ചത്. ജൂലൈയിൽ പാകിസ്ഥാനും യുഎസും തമ്മിൽ ഒപ്പുവെച്ച തീരുവ കരാറിനും ഷഹബാസ് ഷെരീഫ് ട്രംപിന് നന്ദി പറഞ്ഞു. ഈ വ്യാപാര കരാർ പ്രകാരം പാകിസ്ഥാൻ ഉൽപ്പന്നങ്ങൾക്ക് 19 ശതമാനം തീരുവ ഏർപ്പെടുത്തി. അതേസമയം പാകിസ്ഥാനിലെ എണ്ണ ശേഖരം വികസിപ്പിക്കാൻ അമേരിക്ക സഹായം വാഗ്ദാനം ചെയ്തു. ട്രംപിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ-യുഎസ് പങ്കാളിത്തം, ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനകരമായ രീതിയിൽ കൂടുതൽ ശക്തിപ്പെടുമെന്ന് പാക് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പാകിസ്ഥാനിലെ കൃഷി, ഐടി, ഖനികൾ, ധാതുക്കൾ, ഊർജ്ജ മേഖലകൾ എന്നിവയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ പാക് പ്രധാനമന്ത്രി ക്ഷണിച്ചു.

പാകിസ്ഥാനിലെ അത്യപൂർവ ധാതുക്കളിൽ കണ്ണുവച്ച് അമേരിക്ക

പാകിസ്ഥാനിലെ ഏറ്റവും വലിയ ധാതു ഖനന കമ്പനിയായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻ ഈ മാസം മിസ്സോറി ആസ്ഥാനമായുള്ള യുഎസ് സ്ട്രാറ്റജിക് മെറ്റൽസുമായി പദ്ധതികൾക്കായി ധാരണാപത്രം ഒപ്പുവെച്ചു. പാകിസ്ഥാനിൽ ഒരു പോളി-മെറ്റാലിക് റിഫൈനറി സ്ഥാപിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.

പാകിസ്ഥാനിലെ ചെമ്പ്, സ്വർണം, അത്യപൂർവ ധാതുക്കൾ, മറ്റ് ധാതു വിഭവങ്ങൾ എന്നിവയെക്കുറിച്ച് യുഎസ് സ്ട്രാറ്റജിക് മെറ്റൽസ്, മോട്ട-എൻജിൽ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധി സംഘവുമായി ഷഹബാസ് ഷെരീഫ് ചർച്ച നടത്തിയെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ധാതു സംസ്കരണ ശേഷി വർദ്ധിപ്പിക്കാനും, ഖനനവുമായി ബന്ധപ്പെട്ട വൻകിട പദ്ധതികൾ ഏറ്റെടുക്കാനും ഇരു ഗ്രൂപ്പും സന്നദ്ധത പ്രകടിപ്പിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാന് ട്രില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ധാതു ശേഖരമുണ്ട് എന്ന് ഷഹബാസ് ഷെരീഫ് നേരത്തെ അവകാശപ്പെട്ടിരുന്നു. ധാതു മേഖലയിലെ വിദേശ നിക്ഷേപം പാകിസ്ഥാന്‍റെ നീണ്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നാണ് പാക് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. എങ്കിലും പാകിസ്ഥാന്റെ ധാതു സമ്പത്തിന്റെ ഭൂരിഭാഗവും ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി വാദിക്കന്നവർ വിദേശ സ്ഥാപനങ്ങൾ പ്രകൃതി വിഭവങ്ങൾ ഖനനം ചെയ്യുന്നതിനെ എതിർക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി