
ഇസ്ലാമാബാദ്: പാകിസ്ഥാൻ അപൂർവ ധാതു നിക്ഷേപങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് അയച്ചു. അമേരിക്കൻ കമ്പനിയുമായി കഴിഞ്ഞ മാസം ഒപ്പിട്ട കരാറിന് പിന്നാലെയാണ് ആദ്യ ഘട്ടമായി ധാതുസമ്പത്ത് അയച്ചത്. ഈ കരാറും ചരക്ക് നീക്കവും പാകിസ്താനിൽ പ്രതിഷേധങ്ങൾക്കിടയാക്കി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ), ഇത് രഹസ്യ ഇടപാട് ആണെന്ന് ആരോപിച്ചു. ആന്‍റിമണി, നിയോഡിമിയം, പ്രസിയോഡിമിയം തുടങ്ങിയ ധാതുക്കൾ ഉൾപ്പെടുന്നതാണ് അമേരിക്കയിലേക്ക് അയച്ച സാമ്പിൾ ചരക്കെന്ന് 'ഡോൺ' പത്രം റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ കമ്പനിയായ യുഎസ് സ്ട്രാറ്റജിക് മെറ്റൽസ് (യുഎസ്‍എസ്എം), പാകിസ്താന്‍റെ സൈനിക എഞ്ചിനീയറിംഗ് വിഭാഗമായ ഫ്രോണ്ടിയർ വർക്സ് ഓർഗനൈസേഷനുമായി (എഫ്‍ഡബ്ല്യുഒ) സെപ്റ്റംബറിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. പാകിസ്ഥാനിൽ ധാതു സംസ്കരണ, വികസന സൗകര്യങ്ങൾക്കായി ഏകദേശം 500 മില്യൺ ഡോളർ നിക്ഷേപിക്കാനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. മിസോറി ആസ്ഥാനമായുള്ള യുഎസ്എസ്എം, നിർണായക ധാതുക്കൾ ഉൽപ്പാദിപ്പിക്കുന്നതിലും പുനരുപയോഗം ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ധാതു കൈമാറ്റത്തെ പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായാണ് യുഎസ്‌എസ്‌എം വിശേഷിപ്പിച്ചത്. എന്നാൽ, ഇമ്രാൻ ഖാന്റെ പിടിഐ ഈ കരാറുകളുടെ മുഴുവൻ വിവരങ്ങളും പരസ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പിടിഐ ഇൻഫർമേഷൻ സെക്രട്ടറി ഷെയ്ഖ് വഖാസ് അക്രം ഷഹബാസ് ഷരീഫ് സർക്കാരിനോട് അമേരിക്കയുമായുള്ള രഹസ്യ ഇടപാടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു.
500 മില്യൺ ഡോളറിന്റെ ധാതു ഇടപാടിനെക്കുറിച്ച് പാകിസ്ഥാനിൽ ഉയരുന്ന ആശങ്ക ദേശീയ താൽപ്പര്യം ബലി കഴിക്കുന്നു എന്നതാണ്. ധാതുക്കൾ കൊണ്ടുപോകാനായി അറബിക്കടലിനോട് ചേർന്ന് തുറമുഖം നിർമിക്കാൻ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി എന്ന റിപ്പോർട്ട് സംബന്ധിച്ചും പിടിഐ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഷെഹബാസ് ഷെരീഫ്, അസിം മുനീർ, ഡോണൾഡ് ട്രംപ് എന്നിവർ തമ്മിലുള്ള അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് വിവാദം.
ഈ നീക്കങ്ങൾ ജനങ്ങളുടെയും രാജ്യത്തിന്‍റെയും താൽപ്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള കരാറുകളാണെന്ന് പിടിഐ വിമർശിച്ചു. മുഗൾ ചക്രവർത്തി ജഹാംഗീർ 1615-ൽ ബ്രിട്ടീഷുകാർക്ക് സൂറത്ത് തുറമുഖത്ത് വ്യാപാരം നടത്താൻ അവകാശം നൽകിയതിന്‍റെ ദുരന്ത ഫലങ്ങളിൽ നിന്ന് ഷെഹബാസ് സർക്കാർ പാഠം പഠിക്കണമെന്ന് പിടിഐ ആവശ്യപ്പെട്ടു.
അറബിക്കടലിൽ തുറമുഖം നിർമിക്കാൻ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയതായി റിപ്പോർട്ട്. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്‍റെ ഉപദേഷ്ടാക്കൾ യുഎസ് ഉദ്യോഗസ്ഥരെ സമീപിച്ചെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെ ധാതുസമ്പത്ത് പാസ്നി നഗരത്തിൽ നിന്നും അമേരിക്കൻ നിക്ഷേപകർക്ക് കൊണ്ടുപോകാൻ ടെർമിനൽ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദർ ജില്ലയിലെ തുറമുഖ പട്ടണമാണ് പാസ്നി.
അസിം മുനീർ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം. കൃഷി, സാങ്കേതികവിദ്യ, ഖനനം, ഊർജം തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിനായി ഷഹബാസ് ഷെരീഫ് യുഎസ് കമ്പനികളെ ക്ഷണിച്ചിരുന്നു. അമേരിക്ക സൈനിക താവളമായി തുറമുഖം ഉപയോഗിക്കുന്നത് ബ്ലൂപ്രിന്റിൽ ഒഴിവാക്കിയിട്ടുണ്ട്. പകരം തുറമുഖത്തെ ധാതു സമ്പന്നമായ പടിഞ്ഞാറൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയ്ക്കായി ധനസഹായം ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്, വൈറ്റ് ഹൗസ്, പാക് വിദേശകാര്യ മന്ത്രാലയം എന്നിവ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.