ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ഇന്നലെയാണ് പാകിസ്ഥാനോട് ഇന്ത്യ, ഔദ്യോഗികമായി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി തേടിയത്. പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും മോദി അമേരിക്കയിലേക്ക് പറക്കുക.
നേരത്തേ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഐസ്‍ലൻഡ്, സ്വിറ്റ്‍സർലൻഡ്, സ്ലോവേനിയ - എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷമാണ് പാകിസ്ഥാൻ വ്യോമപാത പൂർണമായും അടച്ചത്. എന്നാൽ പിന്നീട് ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്‍റെ അനുവാദം തേടുകയും പാകിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്രമോദി ഫ്രാൻസിലെത്തിയത്.
സെപ്റ്റംബർ 21 മുതൽ 27 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം. നേരത്തേ, രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ചതിനെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ''വിവിഐപി വിമാനമായിട്ടുകൂടി രാഷ്ട്രപതിയുടെ വിമാനത്തിന് വ്യോമപാത നിഷേധിച്ചതിനെ ഇന്ത്യ അപലപിക്കുന്നു. മറ്റേതൊരു രാജ്യമായിരുന്നെങ്കിലും ഇത്തരമൊരു നടപടി ഉണ്ടാകില്ലായിരുന്നു. ഇത്തരം ഏകപക്ഷീയമായ നടപടികൾ നിരർത്ഥകമാണെന്ന് പാകിസ്ഥാനെ ഞങ്ങൾ ഓർമിപ്പിക്കുന്നു'', വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം രാജ്യത്തെ എല്ലാ വ്യോമപാതകളും അടച്ച പാകിസ്ഥാൻ, ന്യൂദില്ലി, ബാങ്കോക്ക്, ക്വാലലംപൂർ എന്നിവിടങ്ങളിലേക്കൊഴികെ ബാക്കി എല്ലായിടത്തേക്കുമുള്ള വിമാനങ്ങൾക്ക് മാർച്ച് 27-ന് അനുമതി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam