
ഇസ്ലാമാബാദ്: പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാർ തികച്ചും 'പ്രതിരോധ സ്വഭാവമുള്ളത്' മാത്രമാണെന്നും ഇത് മറ്റൊരു രാജ്യത്തെയും ലക്ഷ്യം വെച്ചുള്ളതല്ലെന്നും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിലാണ് അദ്ദേഹം കരാറിന്‍റെ ലക്ഷ്യങ്ങൾ വ്യക്തമാക്കിയത്.
മേഖലയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാനുള്ള സംയുക്ത ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ് മക്ക കരാറിന്‍റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മക്കയിൽ വെച്ച് മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരം, സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും. മേഖലയിലെ സമാധാനപരമായ തത്ത്വങ്ങൾ അംഗീകരിക്കാനും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും പ്രശ്നങ്ങൾ പരിഹരിക്കാനും താല്പര്യമുള്ള ഏത് പ്രാദേശിക രാജ്യങ്ങൾക്കും ഈ കരാറിന്‍റെ ഭാഗമാകാമെന്നും ദാർ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ചുള്ള വ്യക്തിഗതവും കൂട്ടായതുമായ ആത്മപ്രതിരോധ അവകാശത്തിന് വിധേയമായാണ് ഇതെന്നും, മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ പുറത്തുനിന്നുണ്ടാകുന്ന സായുധ ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി പരിഗണിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. കൂടാതെ, ഈ കരാർ നിലവിലുള്ള ഉഭയകക്ഷി-ബഹുമുഖ കരാറുകളെയോ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളെയോ തടസ്സപ്പെടുത്തുകയോ റദ്ദാക്കുകയോ ഇല്ലെന്നും ഇഷാഖ് ദാർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam