
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ. വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് എന്ന് പാക് വാർത്താ വിനിമയ മന്ത്രി അതാവുള്ള തരാറാണ് വ്യക്തമാക്കിയത്. ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് പാക് വാർത്താ വിനിമയ മന്ത്രിയുടെ പ്രതികരണം. അതേസമയം വിമാന സർവീസ് പാക്കിസ്ഥാൻ പുനരാരംഭിച്ചെന്നും സൂചനയുണ്ട്. പാക് വ്യോമ മേഖലയിൽ വിമാനങ്ങളുടെ സാന്നിധ്യം കാണുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാൻ വിമാന സർവീസ് പുനരാരംഭിച്ചെന്ന സൂചനകൾ പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുകയാണ്. ഇന്ന് രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ സേന. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യൻ സേന തകർത്തു. എന്നാൽ ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.
അതേസമയം ഇന്ത്യ - പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.