
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചത്. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചതെന്നും വ്യക്തമാക്കി.
അവാമി ലീഗ് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ, പിന്തുണ നൽകിയവർ, പരാതി നൽകിയവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ ചൂണ്ടിക്കാട്ടി. യൂനസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, രാഷ്ട്രീയ പാർട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ട്രൈബ്യൂണലിന് അധികാരം നൽകുന്ന ഐസിടി നിയമത്തിൽ ഭേദഗതികൾ വരുത്തി.
1949-ൽ സ്ഥാപിതമായ അവാമി ലീഗ്, കിഴക്കൻ പാകിസ്ഥാന്റെ സ്വയംഭരണ പ്രസ്ഥാനത്തിൽ നിർണായക പങ്ക് വഹിക്കുകയും ബംഗ്ലാദേശിന് ജന്മം നൽകിയ 1971 ലെ വിമോചന യുദ്ധത്തിന് നേതൃത്വം നൽകുകയും ചെയ്ത പാർട്ടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam