
ദില്ലി: ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റിൽ പെട്ട പാകിസ്ഥാന് ധനസഹായം നൽകരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യൺ ഡോളറിന്‍റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി ഐഎംഎഫ് അനുവദിച്ചു. പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളിൽ നിന്നും വിട്ടു നിന്നിരുന്നു.
പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും നേരത്തെ അഭ്യർത്ഥിച്ചിരുന്നു. പാകിസ്ഥാന് നൽകുന്ന വായ്‌പ ലഭിക്കുന്നത് ഭീകരർക്കാണെന്ന് ഐഎംഎഫ് യോഗത്തിൽ ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന് പണം നൽകുന്നതിനോട് എതിർപ്പില്ല. എന്നാൽ പാകിസ്ഥാനെ പോലൊരു രാജ്യം ആ പണം കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് ലോകം കാണുന്നുണ്ടെന്ന് വാഷിങ്ടണിൽ ചേർന്ന ഐഎംഎഫ് യോഗത്തിൽ ഇന്ത്യ തുറന്നടിച്ചു.
പാകിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ കടബാധ്യത വളരെ കൂടുതലാണെന്നതും ഇന്ത്യ ഉന്നയിച്ചു. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് പാകിസ്ഥാന് ലഭിക്കുന്ന തുക പരോക്ഷമായി ലഭിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.
ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടികൾ കടുപ്പിച്ചിരുന്നു. ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാകിസ്ഥാനെ (എഫ്എടിഎഫ്) ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെടുത്താൻ ഇന്ത്യ നീക്കം ആരംഭിച്ചിട്ടുണ്ട്. 2018 മുതൽ 2022 വരെ പാകിസ്ഥാൻ ഈ പട്ടികയിലായിരുന്നു. ഏജൻസിയുടെ അടുത്ത യോഗത്തിൽ തന്നെ വിഷയം ഉന്നയിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷക സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെട്ടാൽ പാകിസ്ഥാന്‍റെ വിദേശനിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയുമെല്ലാം ബാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam