
കറാച്ചി: പാകിസ്ഥാനിൽ ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്ന് അടച്ചുപൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് ബാങ്ക് ആരംഭിച്ചത്. ബാങ്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഡോക്ടർമാരും ദേശീയ ഇസ്‌ലാമിക് കൗൺസിലും അറിയിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് തുറന്നത്. ഡിസംബറിൽ പ്രവിശ്യാ ഇസ്ലാമിക് കൗൺലിൽ മതപരമായ അംഗീകാരം നൽകിയെങ്കിലും ബാങ്ക് തുറന്ന ജൂണിൽ അംഗീകാരം പിൻവലിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് പൂട്ടി.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ അതിജീവനത്തിനുള്ള മാർഗങ്ങളിലൊന്ന് മുലപ്പാലാണെന്ന് ബാങ്ക് ആരംഭിച്ച സിന്ധ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് നിയോനറ്റോളജി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡോക്ടറുമായ ജമാൽ റാസ പറഞ്ഞു. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് മാത്രമേ ഈ പാൽ നൽകൂവെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ചിൽഡ്രൻസ് ഏജൻസിയുടെ കണക്കനുസരിച്ച്, പാകിസ്ഥാനിലെ നവജാതശിശു മരണനിരക്ക് 1,000 ജനനങ്ങളിൽ 39 ആണ്.
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ഒരേ അമ്മയുടെ മുലപ്പാൽ കുടിക്കുന്ന കുട്ടികൾ തമ്മിൽ ഭാവിയിൽ വിവാഹിതരായാൽ അനിസ്ലാമികമാകുമെന്ന് വിലയിരുത്തിയാണ് ഗവൺമെൻ്റിൻ്റെ നാഷണൽ കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഐഡിയോളജി ബാങ്കിനെ എതിർത്തത്. വിവാഹങ്ങളുടെ പ്രശ്നം സങ്കീർണ്ണമാക്കാതിരിക്കാൻ ദാതാക്കൾ ആരാണെന്ന് കുട്ടിയുടെ കുടുംബം അറിഞ്ഞിരിക്കണമെന്ന് കൗൺസിലിലെ ഗവേഷണ മേധാവി ഇനാമുള്ള എഎഫ്‌പിയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam