അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആവശ്യപ്പെട്ടു. ഹോർമൂസിൽ കപ്പൽ തകർന്നതായി അവകാശപ്പെട്ട ഇറാൻ, കപ്പലാക്രമണത്തിന് പ്രതികാരമായി യുക്രൈനെ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യ ഉപാധി ലബനനിൽ നിന്നുള്ള ഇസ്രയേൽ പിന്മാറ്റമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. സംഘർഷത്തിൽ നിന്നുള്ള താൽക്കാലിക ഇടവേളയിൽ ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ ശക്തമാക്കുന്നതിന്‍റെ സൂചനയാണ് പരമോന്നത നേതാവ് നൽകിയത്. ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറാതെ ചർച്ചകൾ നടക്കില്ലെന്ന് കൂടിയാണ് മുജ്തബയുടെ പുതിയ സന്ദേശം. അമേരിക്കയുമായി കരാറിലെത്തുന്നുണ്ടെങ്കിൽ ഇതിന് ശേഷം മാത്രമായിരിക്കുമെന്ന് കൂടിയാണ് പരമോന്നത നേതാവ് ഉറപ്പിക്കുന്നത്. അതേസമയം ഇറാനെ മറികടന്ന് ഹോർമൂസ് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്ന് മൈനിൽ തട്ടി അപകടത്തിൽപെട്ടതായി ഇറാൻ അവകാശപ്പെട്ടു. ഹോർമൂസ് കടക്കാൻ ആറ് കപ്പലുകൾ അമേരിക്കൻ സഹായത്തോടെ ശ്രമിച്ചെന്നും, അതിലൊന്ന് കടലിലെ മൈനിൽ തട്ടി തകർന്നെന്നും ആണ് പുതുതായി ഇറാൻ അവകാശപ്പെട്ടിരിക്കുന്നത്.

യുക്രൈന് തിരിച്ചടി നൽകും

ഇറാന്റെ കപ്പലാക്രമിക്കപ്പെട്ടതിൽ യുക്രൈന് നേരെ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ബ്രിട്ടന് പുറമെ യുക്രൈനെയും ഇറാൻ വെല്ലുവിളിച്ചത് സംഘർഷം പടരുമെന്ന ആശങ്ക കൂട്ടുന്നതാണ്. അമേരിക്കയെ കൃത്യവും തീവ്രവുമായി തിരിച്ചടിക്കാൻ ഇറാനെ റഷ്യ സഹായിക്കുന്നു എന്ന് നേരത്തെ ആരോപണം ഉണ്ടെന്നിരിക്കെയാണ് ഇറാൻ കപ്പൽ യുക്രൈൻ ആക്രമിച്ച് നാവികൻ കൊല്ലപ്പെട്ടത്. ഇത് ഇസ്രയേലിന് വേണ്ടിയാണെന്നും തിരിച്ചടിക്കുമെന്നുമാണ് ഇറാന്‍റെ ഭീഷണി. അമേരിക്ക - ഇറാൻ സംഘർഷം റഷ്യ - യുക്രൈൻ പരിധിയിലേക്ക് കൂടി കടന്നാൽ വ്യാപക സംഘർഷമാകും ഫലമെന്നതാണ് ആശങ്ക.

അതേസമയം ഹോർമൂസിൽ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്‍റെ ശേഷി തകർക്കുന്ന നിലവിലെ ആക്രമണം ലക്ഷ്യം നേടിയെന്നും ഇനിയുമത് തുടരുന്നതിൽ അർത്ഥമില്ലെന്നും സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ നിലപാടെടുത്തതായാണ് റിപ്പോർട്ടുകൾ. കൂടുതൽ വലിയ ലക്ഷ്യങ്ങൾക്ക് വലിയ സൈനിക നീക്കം വേണമെന്നും അതിനുള്ള അനുമതി കാക്കുകയാണ് എന്നുമാണ് കരുതുന്നത്. എന്നാൽ അമേരിക്കയ്ക്കും ഇറാനും ഇടയിൽ 3 ദിവസമായി പുതിയ സംഘർഷമുണ്ടായില്ല എന്നത് ലോകത്തിന് ആശ്വാസമേകുന്നതാണ്. അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ അമേരിക്കയിലെത്തും. ശേഷം നടക്കുന്ന ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച ഇറാൻ യുദ്ധത്തിൽ നിർണായകമാകുമോ എന്നത് കണ്ടറിയണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player