ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകരെ കൊണ്ടുപോയി

By Web TeamFirst Published Mar 30, 2019, 10:57 AM IST
Highlights

ഇന്ത്യ ബോംബിട്ട ബാലകോട്ടെ ജയ്ഷെ മുഹമ്മദിന്റെ താവളങ്ങൾ കാണിച്ചുകൊടുക്കാനാണ് മാധ്യമപ്രവർത്തകരെ കൊണ്ടുപോയത്

ദില്ലി: ജയ്ഷെ മുഹമ്മദിന്റെ താവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് തെളിയിക്കാൻ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകരെ ഇവിടേക്ക് കൊണ്ടുപോയി. എന്നാൽ മേഖലയിൽ മാധ്യമപ്രവർത്തകർക്ക് കനത്ത നിയന്ത്രണങ്ങളാണ് പാക് സൈന്യം ഏർപ്പെടുത്തിയത്. സ്വതന്ത്രമായി സഞ്ചരിക്കാനോ ചിത്രം പകർത്തുവാനോ പോലും പാക് സൈന്യം അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വ്യാഴാഴ്ച ഈ അതിർത്തി പ്രദേശത്തേക്ക് എട്ട് മാധ്യമപ്രവർത്തകരെയാണ് പാക് സൈന്യം കൊണ്ടുപോയത്. അതിർത്തി സംരക്ഷണ സേനയുടെ വലിയൊരു സംഘം തന്നെ ഇവരെ അനുഗമിച്ചിരുന്നു. ഇവിടെ ഒരു പളളിയിൽ 300 ഓളം കുട്ടികളോട് സംവദിക്കാൻ മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കി. ഇവിടെ തൊട്ടടുത്തുളള ചില ഇടങ്ങളുടെ മാത്രം വീഡിയോയും ചിത്രങ്ങളും പകർത്താനാണ് മാധ്യമപ്രവർത്തകരെ അനുവദിച്ചത്.

മാധ്യമപ്രവർത്തകർ ശേഖരിച്ച വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ തങ്ങളുടെ പക്കലില്ലെന്നാണ് പാക് സൈന്യം പിന്നീട് വ്യക്തമാക്കിയത്.  ആക്രമണം നടന്ന പ്രദേശം ആറ് ഏക്കറോളം വിസ്തൃതിയുളളതാണെങ്കിലും വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണ് മാധ്യമപ്രവർത്തകർക്ക് സന്ദർശന അനുമതിയുണ്ടായത്. മാധ്യമപ്രവർത്തകർ സംവദിച്ച കുട്ടികൾ പ്രദേശവാസികളാണോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

 

click me!