സര്‍ക്കാര്‍ ജീവനക്കാര്‍ പുതിയ കാര്‍ വാങ്ങുന്നത് നിരോധിക്കാന്‍ പാകിസ്ഥാന്‍

Published : Jun 11, 2022, 04:29 AM IST
സര്‍ക്കാര്‍ ജീവനക്കാര്‍ പുതിയ കാര്‍ വാങ്ങുന്നത് നിരോധിക്കാന്‍ പാകിസ്ഥാന്‍

Synopsis

ഐഎംഎഫിന് കീഴിലുള്ള ഏജന്‍സികളുടെ അവസാന അവലോകനത്തിൽ അംഗീകരിച്ച നയങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ധന സഹായം ലഭ്യമാക്കുന്നതിന് മുന്‍പ് ധന കമ്മിയടക്കം പരിഹരിക്കാൻ പാകിസ്ഥാനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു.

ഇസ്ലാമാബാദ്: ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശ്ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് പാകിസ്ഥാന്‍. സമ്പന്നർക്ക് നികുതി വർധിപ്പിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥരെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്ന് വിലക്കുമെന്നുമാണ് പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നത്.

22 കോടി ജനങ്ങളുള്ള പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വിദേശ നാണ്യ കരുതൽ ശേഖരം 10 ബില്യൺ ഡോളറിന് താഴെയാണ്. ഇത് 45 ദിവസത്തെ ഇറക്കുമതിക്ക് പര്യാപ്തമായത് മാത്രമാണ്. ഒപ്പം രാജ്യത്തിന്‍റെ ധനകമ്മിയും കൂടുകയാണ്. ജൂലൈയിൽ ആരംഭിക്കുന്ന 2022/23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ ധനമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്.

സമ്പന്നർക്ക് നികുതി വർദ്ധിപ്പിക്കുമെന്നും കാറുകളുടെ ഇറക്കുമതി നിരോധിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർ പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്കുമെന്നും ബജറ്റ് പറയുന്നു. എന്നാല്‍ സര്‍‍ക്കാര്‍‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച നിരോധനം ഔദ്യോഗിക വാഹനങ്ങളുമായി ബന്ധപ്പെട്ടതാണോ അതോ വ്യക്തിഗത ഉപയോഗത്തിനുള്ളതാണോ എന്ന് വ്യക്തമല്ല.

“ഞങ്ങൾ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. എന്നാൽ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കുന്നതിന്‍റെ തുടക്കം മാത്രമാണിത്” പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നത്.

ഐഎംഎഫിന് കീഴിലുള്ള ഏജന്‍സികളുടെ അവസാന അവലോകനത്തിൽ അംഗീകരിച്ച നയങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ധന സഹായം ലഭ്യമാക്കുന്നതിന് മുന്‍പ് ധന കമ്മിയടക്കം പരിഹരിക്കാൻ പാകിസ്ഥാനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. 2022-23 ൽ വരുമാനം 7 ട്രില്യൺ പാകിസ്ഥാൻ രൂപയായി (34.65 ബില്യൺ ഡോളർ) വർദ്ധിപ്പിക്കാനും കമ്മി കുറയ്ക്കാനും സഹായിക്കുന്ന നികുതി വെട്ടിപ്പ് സർക്കാർ തടയുമെന്ന് ഇസ്മായിൽ പറഞ്ഞു.

2022-23 ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.9% ധനക്കമ്മി സർക്കാർ ലക്ഷ്യമിടുന്നു, ഇത് നടപ്പുവർഷത്തില്‍ 8.6% ശതമാനം ആണ്. സ്വകാര്യവൽക്കരണത്തിൽ നിന്ന് 96 ബില്യൺ പാകിസ്ഥാൻ രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഐഎംഎഫിന്റെ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നായ വിലകൂടിയ ഇന്ധന സബ്‌സിഡി എടുത്തുകളയൽ, ഇന്ധനവില 40% വർധിപ്പിച്ചുകൊണ്ട് പാക് സര്‍ക്കാര്‍ നടപടി എടുത്തു കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ