
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്ത് വ്യവസായി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ആരാധനാലയമാണ് പ്രാദേശിക വ്യവസായി പൊളിച്ചുനീക്കി. ലാഹോറിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഫാറൂഖാബാദിലെ 'ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്' ആണ് അധികൃതരുടെ അനുമതിയില്ലാതെ വ്യവസായി പൊളിച്ചുനീക്കിയത്. സംഭവത്തെ തുടർന്ന് സിഖ് സമൂഹം വലിയ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം അപലപനീയമെന്ന് ഇന്ത്യയും വ്യക്തമാക്കി. അങ്ങേയറ്റം വേദനാജനകമായ കാര്യമാണിതെന്നും നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ നിന്നും യാതൊരുവിധ അനുമതിപത്രവും വാങ്ങാതെയാണ് ജൂൺ 24-ന് രാത്രിയോടെ വ്യവസായി ഗുരുദ്വാര പൊളിച്ചുനീക്കിയത്. ഇതൊരു ആസൂത്രിത അക്രമമാണെന്ന് വ്യക്തമാക്കിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും നിരന്തരം ലക്ഷ്യമിടപ്പെടുന്നതിന്റെ തുടർച്ചയാണിതെന്ന് കുറ്റപ്പെടുത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിഖ് മത സാംസ്കാരിക പുനഃരുത്ഥാനത്തിനായി രൂപംകൊണ്ട 'സിങ് സഭ പ്രസ്ഥാനത്തിന്റെ' പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ ചരിത്ര സ്മാരകം.
സംഭവത്തെക്കുറിച്ച് സർക്കാർ എത്രയും വേഗം അന്വേഷണം നടത്തണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും, തകർക്കപ്പെട്ട ഗുരുദ്വാരയുടെ ഭാഗങ്ങൾ എത്രയും വേഗം പുനർനിർമിച്ച് പഴയപടി ആക്കുകയും വേണം. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. സിഖ് സമൂഹത്തിന്റെ വലിയ രീതിയിലുള്ള പ്രതിഷേധത്തെത്തുടർന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും തകർക്കപ്പെട്ട ഗുരുദ്വാരയുടെ ഭാഗങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും പാക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, വർഷങ്ങളായി ഈ പ്രദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും ഇവിടെ നിരവധി കടകൾ നിലവിലുണ്ടായിരുന്നുവെന്നും പ്രാദേശിക വ്യാപാരികൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam