
ഇസ്ലാമാബാദ്: ചൊവ്വാഴ്ച ഇസ്ലാമാബാദിൽ 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാൻ അവകാശവാദമുന്നയിച്ചു. പാകിസ്ഥാനിലെ അനിസ്ലാമിക നിയമങ്ങൾ പ്രകാരം വിധികൾ നടപ്പിലാക്കിയ ജഡ്ജിമാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് ടിടിപി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്ക് മേൽ ആരോപണമുന്നയിച്ചു.
ഇസ്ലാമാബാദിലെ ചാവേർ ആക്രമണത്തിനും അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ ഒരു കാഡറ്റ് കോളേജിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിനും പിന്നിൽ ഇന്ത്യ സ്പോൺസർ ചെയ്ത തീവ്രവാദ പ്രോക്സികൾ ആണെന്ന് ഷെരീഫ് ആരോപിച്ചു. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഭരണകൂട പിന്തുണയുള്ള ഭീകരതയുടെ തുടർച്ചയാണ് ഈ ആക്രമണങ്ങളെന്ന് ഷെരീഫിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ ചൊവ്വാഴ്ച പറഞ്ഞു.
അതേസമയം, പാകിസ്ഥാന്റെ ആരോപണങ്ങൾ ഇന്ത്യ തള്ളി. നേരത്തെ, ചാവേർ ബോംബാക്രമണം രാജ്യത്തിന് മുന്നറിയിപ്പാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. നമ്മൾ ഒരു യുദ്ധാവസ്ഥയിലാണ്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തി മേഖലയിലും ബലൂചിസ്ഥാനിലെ വിദൂര പ്രദേശങ്ങളിലുമാണ് പാകിസ്ഥാൻ സൈന്യം യുദ്ധം നടത്തുന്നതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഇസ്ലാമാബാദ് ജില്ലാ കോടതികളിൽ ഇന്ന് നടന്ന ചാവേർ ആക്രമണം മുന്നറിയിപ്പ് സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.