ട്രംപിനെയടക്കം ഞെട്ടിച്ച് ബ്രിട്ടൻ്റെ 'പലസ്തീൻ' പ്രഖ്യാപനം! ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, പാതയടച്ച് പലായനം ചെയ്യുന്നവരെയും ദുരിതത്തിലാക്കി

Published : Sep 20, 2025, 03:20 AM IST
trump starmer palestine

Synopsis

ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ പലായനം രൂക്ഷമായി. ഇതിനിടെ, പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള ബ്രിട്ടന്റെയും മറ്റ് രാജ്യങ്ങളുടെയും നീക്കം അമേരിക്കയെ ഞെട്ടിച്ചു

ഗാസ: ഗാസയിൽ ഇസ്രയേൽ സൈന്യം ആക്രമണം കടുപ്പിച്ചതോടെ ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ്. രണ്ട് ദിവസം മുൻപ് പ്രഖ്യാപിച്ച സുരക്ഷാ പാത അടച്ചും പുതിയ പാത തുറന്നും പലായനം ചെയ്യുന്നവരെയും ദുരിതത്തിലാഴ്ത്തുകയാണ് ഇസ്രയേൽ. കഴിഞ്ഞ മൂന്ന് ദിവസം മാത്രം അറുപതിനായിരം പേർ ഗാസയിൽ നിന്ന് പാലായനം ചെയ്തു. ഗാസയിൽ ഇസ്രയേൽ ഉടൻ വെടിനിർത്തണമെന്ന പ്രമേയം യു എൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തതും സമാധാന പ്രതീക്ഷകൾക്ക് തിരിച്ചടിയായി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വീര്യത്തോടെ ഗാസയിൽ ആക്രമണം നടത്തുമെന്നും അതിനു മുൻപ് തെക്കൻ ഗാസയിലെ സംരക്ഷിത പ്രദേശത്തേക്ക് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ സൈന്യം ഗാസയിലെ ജനങ്ങൾക്ക് പുതിയ മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം തുടങ്ങിയ പലായനം രൂക്ഷമായ കാഴ്ചയാണ് ഗാസയിലെങ്ങും കാണാനാകുക. രക്ഷാപാതയായി കഴിഞ്ഞ ദിവസം സൈന്യം പ്രഖ്യാപിച്ച സല അൽ ദിൻ റോഡ് പൊടുന്നനെ അടച്ചത് ദുരിതം രൂക്ഷമാക്കി. തെക്കൻ ഗാസയിലേക്ക് പോകാനുള്ള പുതിയ സുരക്ഷാ പാതയായ അൽ റഷീദ് റോഡിൽ ആയിരങ്ങളാണ് കുടുങ്ങികിടക്കുന്നത്. പലായനത്തിനിടെ 20 പേർ ഇന്ന് കൊല്ലപ്പെട്ടെതായും വിവരമുണ്ട്.

പലായനം ചെയ്യുന്ന പലസ്തീനികൾക്കും രക്ഷയില്ല

ഗാസയിൽ നിന്ന് ഇതുവരെ നാലര ലക്ഷം പലസ്തീനികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നാണ് ഇസ്രയേലിന്റെ കണക്ക്. കഴിഞ്ഞ മൂന്ന് ദിവസം മാത്രം അറുപതിനായിരം പേർ പലായനം ചെയ്തു. കഴിഞ്ഞ നാലാഴ്ചയിൽ ഗാസ വിട്ടവർ രണ്ടര ലക്ഷം കവിയും. ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവർ. യുദ്ധഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയിരുന്ന സന്നദ്ധ സേവകരെയും ഒഴിപ്പിച്ചിരിക്കുകയാണ് സൈന്യം.

ട്രംപിനെയടക്കം ഞെട്ടിച്ച് ബ്രിട്ടന്‍റെ 'പലസ്തീൻ' പ്രഖ്യാപനം

ഇതിനിടെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയടക്കം ഞെട്ടിച്ചുകൊണ്ട് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ തയാറെടുപ്പുകൾ പൂർത്തിയായതായി ബ്രിടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ട്രംപ്, ബ്രിട്ടൻ സന്ദർശിക്കുമ്പോൾ തന്നെ ഈ തീരുമാനം പ്രഖ്യാപിച്ചത് യു എസിനും കനത്ത തിരിച്ചടിയായി. തീരുമാനത്തോട് താൻ യോജിക്കുന്നില്ലെന്ന് വാർത്താ സമ്മേളനത്തിൽ ട്രംപ് പറയുകയും ചെയ്തു. ഹമാസിനെ ഒറ്റപ്പെടുത്തണമെങ്കിൽ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാട് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രൊണും വ്യക്തമാക്കി. ജപ്പാനും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ രൂക്ഷമായ സംഘർഷം പരിഹരിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്ന് യു എൻ ആവശ്യപ്പെട്ടതിന് പിന്നാലെ രക്ഷ സമിതിയിൽ വന്ന വെടിനിർത്തൽ സമിതി പ്രമേയം യു എസ് വീറ്റോ ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി.

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?