
ദില്ലി: സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ. സൗദി- പാകിസ്ഥാൻ സൈനിക സഹകരണ കരാറിനോടാണ് പ്രതികരണം. സൗദിയും ഇന്ത്യയും കമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഛാബഹാർ തുറമുഖത്തിൻറെ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രൺധീർ ജയ്‌സ്വാൾ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നല്ല അന്തരീക്ഷത്തിൽ നടന്നുവെന്നും വ്യക്തമാക്കി.
സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചതാണ് ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നത്. ഈ കരാർ ഇന്ത്യയ്ക്ക് എതിരായ വലിയ നയതന്ത്ര വിജയമായി പാകിസ്ഥാൻ കണക്കാക്കുന്നു. സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ട്. രണ്ടിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിൽ പറയുന്നത്. നാറ്റോ ശൈലിയിലുള്ള പ്രതിരാധ കരാറാണിത്. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്.
വീണ്ടും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിലേയ്ക്ക് നീങ്ങിയാൽ സൗദി അറേബ്യ ഇന്ത്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ച് പാകിസ്ഥാനൊപ്പം നിൽക്കുമോ എന്നതാണ് ഉയർന്നുവരുന്ന സംശയം. എന്നാൽ, പുതിയ കരാർ അനുസരിച്ച് സൗദി ഇന്ത്യയുമായി നേർക്കുനേർ യുദ്ധത്തിന് തയ്യാറാകുമെന്ന് അർത്ഥമില്ലെന്നാണ് പ്രതിരോധ വിദഗ്ധരും ഭൗമ രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നത്. കാരണം, ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൗദിയും പാകിസ്ഥാനും കൈകോർക്കുന്നത്. അതിനാൽ തന്നെ ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സൗദി ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇറാൻ, ലെബനൻ, സിറിയ, യെമൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് എതിരായ ഇസ്രായേലിന്റെ നീക്കങ്ങൾ അറബ് രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.