
വത്തിക്കാൻ സിറ്റി: കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ല. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 2 റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.
കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ് സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആണ് പുതിയ മാർപാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയത്. വോട്ടെടുപ്പിൽ കറുത്ത പുക ഉയർന്നതോടെ ആദ്യ റൌണ്ടിൽ തീരുമാനമായില്ലെന്ന് വ്യക്തമായി. ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.
മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും കോണ്‍ക്ലേവിലുണ്ട്. ഇവരടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം. കഴിഞ്ഞ 2 കോൺക്ലേവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.
80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam