
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് വത്തിക്കാനിൽ തുടക്കമായി. കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ് സിസ്റ്റീൻ ചാപ്പലിൽ സമ്മേളിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആകും പുതിയ മാർപപ്പയാകുക. ദിവ്യബലിക്ക് ശേഷം കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയിട്ടുണ്ട്. ആദ്യ റൗണ്ട് വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. വെളുത്ത പുക കണ്ടാൽ മാർപാപ്പയെ കണ്ടെത്തിയതായി സ്ഥിരീകരണമാകും.
ആദ്യ ദിനമായ ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും ആണ് വോട്ട് ചെയുക. ഇവരടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം. കഴിഞ്ഞ 2 കോൺക്ലെവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.
80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അറിയേണ്ട കാര്യങ്ങൾ
കത്തോലിക്കാ പള്ളിയുടെ മേധാവി, ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും മേധാവി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഇനി പക്ഷേ ഏഷ്യനോ, ആഫ്രിക്കനോ, ലാറ്റിനമേരിക്കനോ ആവുമോ? അത്രക്ക് പുരോഗമന ചിന്താഗതിക്കാരാണോ കർദ്ദിനാൾമാർ. 266 മാർപാപ്പമാരിൽ 213 ഉം ഇറ്റാലിയനായിരുന്നു. പക്ഷേ, നാല് പതിറ്റാണ്ടായി ഇറ്റാലിയൻ പോപ്പുണ്ടായിട്ടില്ല. അപ്പോൾ യൂറോപ്യൻ തന്നെയാവുമോ? അങ്ങനെ ചോദ്യങ്ങൾ പലതാണ്. ഇറ്റാലിയൻ പഴമൊഴി പ്രസക്തം. 'പോപ്പായി കോൺക്ലേവിൽ പ്രവേശിക്കുന്നവർ ഇറങ്ങുന്നത് കർദ്ദിനാളായിട്ടായിരിക്കും', എന്നാണ് പഴമൊഴി. പ്രവചനാതീതം എന്ന് അർത്ഥം. ആര് വേണമെങ്കിലും ആവാം. സാധ്യത കൽപ്പിക്കപ്പെട്ട കർദ്ദിനാളായിരുന്നില്ല ഫ്രാൻസിസ് മാർപാപ്പ. സാധ്യതാ പട്ടിക തയ്യാറാക്കുന്നത് തന്നെ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാധ്യമങ്ങളും നിരീക്ഷകരും അവരവരുടെ പട്ടിക തയ്യാറാക്കും. ഒടുവിൽ മാർപാപ്പയാകുന്നയാൾ ഈ പട്ടികയിലെല്ലാം ഉണ്ടാവണമെന്ന് നിർബന്ധവുമില്ല. പ്രായം, ദേശം, ആശയസംഹിത, ഭരണനൈപുണ്യം, വത്തിക്കാനിലുള്ള പരിചയം, അറിയാവുന്ന ഭാഷകൾ ഇതെല്ലാം ഘടകമാണ്. ദേശവും ഭാഷയും വളരെ പ്രധാനം. ഇറ്റാലിയൻ നന്നായി അറിഞ്ഞിരിക്കണം എന്ന് ചുരുക്കം. വത്തിക്കാനെ നിയന്ത്രിക്കണമെങ്കിൽ ഇറ്റാലിയൻ അറിഞ്ഞേ തീരൂ. നിരവധി ഭാഷകൾ അറിയാവുന്നത് വലിയൊരു ഘടകമാണ്. ഇറ്റാലിയൻ മാർപാപ്പമാരാണ് കൂടുതലുമുണ്ടായിട്ടുള്ളത്. 266 മാർപാപ്പമാരിൽ 80 ശതമാനവും. പോളിഷ്, ഡച്ച്, ജർമ്മൻ മാർപാപ്പയുമുണ്ട്. കഴിഞ്ഞ മൂന്ന് മാർപാപ്പമാരും ഇറ്റലിക്കാരായിരുന്നില്ല. ഇനിയൊരു ഇറ്റലിക്കാരനാവുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.