
ടോക്കിയോ: മക്കൾക്ക് പേരിടുമ്പോൾ കൂടുതൽ അലങ്കാരം വേണ്ടെന്ന് വ്യക്തമാക്കി ജപ്പാൻ. സ്വന്തം മക്കൾക്ക് പേര് തെരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് പൂർണ സ്വാതന്ത്ര്യമില്ലെന്നാണ് ജപ്പാനിലെ പുതിയ നയം വ്യക്തമാക്കുന്നത്. ഈ ആഴ്ച പ്രാബല്യത്തിൽ വരുന്ന നിയമം ജാപ്പനീസ് എഴുത്ത് സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന കാഞ്ജി ചിഹ്നങ്ങളുടെ ഉച്ചാരണത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
മാതാപിതാക്കൾ മറുനാടൻ പേരുകൾ തെരഞ്ഞെടുക്കുമ്പോൾ അത് സർക്കാർ തലത്തിലെ ഉദ്യോഗസ്ഥർക്കും സ്കൂളിലും ചില്ലറയല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് പുതിയ നീക്കം. കൂടുതൽ കലാപരമായ പേരുകളൊന്നും കുട്ടികൾക്ക് ഇടേണ്ടെന്നാണ് നിയമം വ്യക്തമാക്കുന്നത്. ചൈനീസ് ചിഹ്നങ്ങളായ കാഞ്ജിയുടെ ഉപയോഗത്തെ വിലക്കുന്നതല്ല പുതിയ ഫാമിലി രജിസ്ട്രി നിയമം. നേരത്തെ രക്ഷിതാക്കൾ മക്കളുടെ പേരിന്റെ ഉച്ചാരണം അടക്കമുള്ളവ പ്രാദേശിക ഭരണകൂടത്തെ അറിയിക്കണം. തെറ്റായ ഉച്ചാരണ രീതികൾ ഒഴിവാക്കാനായി ഇതായിരുന്നു ജപ്പാനിൽ പിന്തുടർന്നിരുന്ന രീതി.
പുതിയ രീതിയിൽ കാഞ്ജി ചിഹ്നങ്ങളിൽ മാറ്റം വരുത്തുന്നതിന് പുതിയ നിയമം വിലക്കുന്നുണ്ട്. രാജ്യത്തിന് പുറത്ത് നിന്നുള്ള പേരുകൾ സ്കൂളുകളും പ്രാദേശിക സർക്കാർ ഓഫീസുകളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം. ഔദ്യോഗിക നടപടികൾ ഡിജിറ്റലിലേക്ക് എത്തിക്കുമ്പോൾ ലളിതവൽക്കരിക്കാനാണ് നീക്കമെന്നാണ് നിയമത്തേക്കുറിച്ച് സർക്കാർ വിശദമാക്കുന്നത്.
രക്ഷിതാക്കളുടെ സിനിമാ, അനിമേഷൻ താൽപര്യങ്ങൾ അനുസരിച്ച് സ്ക്രീനിലെ കഥാപാത്രങ്ങളുടെ പേരുകൾ തെരഞ്ഞെടുക്കുന്നതിനും വിലക്ക് ബാധകമാവും. സാങ്കൽപിക കഥാപാത്രങ്ങളുടെ പേരും ഇനി ജപ്പാനിൽ കുട്ടികൾക്ക് നൽകാനാവില്ല. 3000ത്തോളം കാഞ്ജി ചിഹ്നങ്ങളാണ് നിലവിൽ ജപ്പാനിൽ പ്രയോഗത്തിലുള്ളത്. ഇനി മുതൽ നൽകാനുപയോഗിക്കുന്ന പേരും അതിലേക്കെത്താനുള്ള കാരണവും ആ പേര് തിരസ്കരിക്കപ്പെട്ടാൽ നൽകേണ്ട പേരും അടക്കമാണ് സർക്കാരിന് നൽകേണ്ടി വരികയെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം