
ടൊറണ്ടോ: വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടി. കാനഡയിലെ ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ജനുവരി എട്ടാം തീയ്യതി ദുബൈയിലേക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന എയര്‍ കാനഡ വിമാനത്തിൽ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് ചാടിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് യാത്രക്കാരോടൊപ്പം വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കുന്നതിന് പകരം കുറച്ച് സമയം കഴിഞ്ഞ് വിമാനത്തിന്റെ ഡോര്‍ ബലമായി തുറന്ന് താഴേക്ക് ചാടുകയായിരുന്നു. ബോയിങ് 747 വിമാനത്തിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ഇയാള്‍ക്ക് സാരമായ പരിക്കുകളുണ്ട്. പിന്നാലെ പൊലീസ്, എമര്‍ജന്‍സി സര്‍വീസസ് ഏജന്‍സികളെ അധികൃതര്‍ വിളിച്ചുവരുത്തി. സംഭവത്തെ തുടര്‍ന്ന് വിമാനം ഏകദേശം ആറ് മണിക്കൂറോളം വൈകിയതായി എയര്‍ കാനഡ വെബ്‍സൈറ്റ് അറിയിച്ചു. വിമാനത്തില്‍ നിന്ന് ചാടിയ യാത്രക്കാരനെ ജീവനക്കാര്‍ ശുശ്രൂഷിച്ചതും സംഭവത്തിന് ശേഷമുണ്ടായ മറ്റ് കാര്യങ്ങളുമാണ് വിമാന സര്‍വീസ് വൈകാന്‍ കാരണമെന്ന് എയര്‍ കാനഡ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിയമപ്രകാരമുള്ള ബോര്‍ഡിങ് നടപടികളും ക്യാബിന്‍ ഓപ്പറേറ്റിങ് നടപടികളും പൂര്‍ത്തിയാക്കിരുന്നു എന്നാണ് വിമാനക്കമ്പനി പറയുന്നത്. ഗ്രേറ്റര്‍ ടൊറണ്ടോ എയര്‍പോര്‍ട്ട്സ് അതോറിറ്റിയും ഈ സംഭവം സ്ഥിരീകരിച്ചു. വിമാനക്കമ്പനിയുമായും പൊലീസ് ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയതായും അത്യാഹിത സാഹചര്യം നേരിട്ടതായും വിമാനത്താവള അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam