ഒരു വർഷം നീണ്ട ചർച്ചകൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തിൽ തുടങ്ങി, തീരുവ വർദ്ധനവ് പോലുള്ള പ്രതിസന്ധികൾ തരണം ചെയ്ത്, ഒടുവിൽ ഇന്ത്യയ്‌ക്കെതിരായ തീരുവ 18% ആയി കുറച്ചു.
ലോകം ഉറ്റു നോക്കിക്കൊണ്ടിരുന്ന ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഒടുവിൽ നിലവിൽ വരികയാണ്. ഇന്ത്യയ്‌ക്ക് ചുമത്തിയിരുന്ന തീരുവ ഒടുവിൽ 18 ശതമാനമാക്കി കുറച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു. തൊട്ടു പിന്നാലെ വ്യാപാര കരാർ എന്ന പരാമർശം ഉണ്ടായില്ലെങ്കിലും ഇത് ശരിവക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതികരണം. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ സാധ്യമായത്. വ്യാപാര കരാറിലേക്ക് നയിച്ച പ്രധാന സംഭവങ്ങളും നാൾ വഴികളും നോക്കാം..
2025 ഫെബ്രുവരി: മോദിയുടെ വാഷിംഗ്ടൺ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2025ലെ വാഷിംഗ്ടൺ സന്ദർശനമാണ് ഇതിന് തുടക്കമിട്ടത്. വ്യാപാര കരാറിന് ആദ്യഘട്ടവും 2030ഓടെ ഇന്ത്യ–അമേരിക്ക വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്താനും ഇരുവരും തമ്മിൽ ധാരണയായി. അമേരിക്കയിൽ നിന്ന് ഊർജവസ്തുക്കളുടെ വാങ്ങൽ വർധിപ്പിക്കുമെന്നും അമേരിക്കക്ക് ഉറപ്പ് നൽകിയാണ് മോദി മടങ്ങിയത്.
2025 മാർച്ച്: പിയൂഷ് ഗോയലിന്റെ സന്ദർശനം
തൊട്ടു പിന്നാലെ, വാണിജ്യ– വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വാഷിംഗ്ടണിലെത്തി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്നിക്, യുഎസ് ട്രേഡ് പ്രതിനിധി ജെയ്മിസൺ ഗ്രീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് യുഎസ് ഉദ്യോഗസ്ഥർ ദില്ലിയിലും ചർച്ചകൾ നടത്തി. ഉയർന്ന തീരുവകളും നികുതിയേതര തടസങ്ങളും ഡാറ്റ നിയമങ്ങളും പേറ്റന്റ് വിഷയങ്ങളും യുഎസ്ടിആർ റിപ്പോർട്ടിൽ വിമർശിക്കപ്പെട്ടിരുന്നെങ്കിലും ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യ അറിയിച്ചു.
2025 ഏപ്രിൽ: കരാർ സാധ്യതകൾ
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സന്ദർശനത്തിനിടെ ചർച്ചകളുടെ പ്രവർത്തനരൂപരേഖ അന്തിമമാക്കി. ജൂലൈ 9ന് മുമ്പ് കരാർ ഒപ്പിടാമെന്ന സൂചനയും ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകി.
2025 മേയ്: കൂടുതൽ മുന്നേറ്റം
മുഖ്യ ചർച്ചാകർത്താവ് രാജേഷ് അഗർവാളിനൊപ്പം പിയൂഷ് ഗോയൽ വീണ്ടും വാഷിംഗ്ടണിലെത്തി. കരാർ ഉടൻ സാധ്യമാകുമെന്ന ആത്മവിശ്വാസം ഇന്ത്യ പ്രകടിപ്പിച്ചു.
2025 ജൂൺ:ഇന്ത്യയുമായി “വലിയ” കരാർ വരുമെന്ന് ട്രംപ്
ജൂൺ 3ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്നിക് ചർച്ചയിൽ പുരോഗതി ഉണ്ടെന്ന് അറിയിച്ചു. ഇന്ത്യയുമായി “വലിയ” കരാർ വരുമെന്ന് ട്രംപും പ്രഖ്യാപിച്ചു. എന്നാൽ കാർഷിക ഉൽപ്പന്നങ്ങളിലെ ഇറക്കുമതി തീരുവകളെച്ചൊല്ലി ചർച്ചകൾ തടസപ്പെട്ടതായി ഇന്ത്യൻ ഉദ്യോഗസ്ഥർ റോയിറ്റേഴ്‌സിനോട് പറഞ്ഞു. ജൂൺ 20ന് ഒഡീഷയിലെ റാലിയിൽ ട്രംപിന്റെ വാഷിംഗ്ടൺ ക്ഷണം നിരസിച്ചതായി മോദി അറിയിച്ചു.
2025 ജൂലൈ: കരാറില്ലാതെ മടക്കം
കരാറില്ലാതെ ഇന്ത്യൻ സംഘം വാഷിംഗ്ടണിൽ നിന്ന് മടങ്ങി. സമയപരിധികൾക്കായി ഇന്ത്യ വ്യാപാര കരാറുകൾക്ക് അടിയറവ് പറയില്ലെന്നും ദേശീയ താൽപര്യമാണ് പരമോന്നതമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. ജൂലൈ 31ന് ട്രംപ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ പ്രതികാരച്ചുങ്കം ചുമത്തുമെന്ന് മുന്നറിയിപ്പും നൽകി.
2025 ഓഗസ്റ്റ്: സംഘർഷം രൂക്ഷം
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം അധിക ശിക്ഷാതീരുവ കൂടി ചുമത്തിയതോടെ ഇന്ത്യയ്‌ക്കുള്ള മൊത്തം തീരുവ 50 ശതമാനമായി. ഇത് ഇരു രാജ്യങ്ങളും തമ്മിൽ അത്ര സുഖകരമല്ലാത്ത ബന്ധത്തിലേക്ക് കാര്യങ്ങളെത്തിച്ചു. റഷ്യൻ എണ്ണ വാങ്ങുന്ന മറ്റ് ബ്രിക്സ് രാജ്യങ്ങൾക്കു മേലും ട്രംപിന്റെ പ്രഹരമുണ്ടായി.
2025 സെപ്റ്റംബർ: വീണ്ടും അടുക്കുന്നു
ഇന്ത്യയുമായി ചർച്ചകൾ തുടരുകയാണെന്നും മോദിയുമായി ഉടൻ സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. കരാർ സംബന്ധിച്ച് പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയും അമേരിക്കയും, വാഷിംഗ്ടണും അമേരിക്കയും ‘അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളും’ ആണെന്ന് മോദിയും സമൂഹമാധ്യമത്തിൽ കുറിച്ചു.
2025 ഒക്ടോബർ: ട്രംപിന്റെ അവകാശവാദം
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് മോദി ഫോണിലൂടെ ഉറപ്പുനൽകിയതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇത് പൂർണമായും നിഷേധിച്ചു. ഊർജ്ജ നയങ്ങൾ ദേശീയ താൽപര്യപ്രകാരം മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2025 നവംബർ: ചർച്ചകൾ തുടരുന്നു
കരാർ സംബന്ധിച്ച ചർച്ചകൾ തുടരുകയായിരുന്നെങ്കിലും നവംബറിൽ വ്യക്തമായ പ്രഖ്യാപനങ്ങളോ കാര്യമായ മാറ്റങ്ങളോ ഉണ്ടായില്ല.
2025 ഡിസംബർ: വഴിത്തിരിവായ ഫോണ സംഭാഷണം
ഡിസംബറിൽ ട്രംപുമായി ഊഷ്മളവും സജീവവുമായ ഫോൺസംഭാഷണം നടത്തിയതായി മോദി അറിയിച്ചു. റഷ്യൻ ക്രൂഡ് എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുന്നതിനിടെയായിരുന്നു ഈ സംഭാഷണം.
2026 ജനുവരി: യുഎസ് പ്രതിനിധിയുടെ പ്രതികരണം
വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാണെന്നും കരാർ യാഥാർത്ഥ്യമാകാൻ പോകുന്നതായും ഇന്ത്യയിലെ പുതിയ യുഎസ് പ്രതിനിധി സെർജിയോ ഗോർ അറിയിച്ചു.
2026 ഫെബ്രുവരി: കരാർ യാഥാർത്ഥ്യത്തിലേക്ക്
ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിൽ എത്തിച്ചേർന്നതായി ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ചർച്ചകൾ കൃത്യം 12 മാസത്തിന് ശേഷം ഫലം കണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്കും, രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ അമേരിക്കയ്ക്കും ഈ കരാർ ഒരു നിർണായക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


