
വാഷിങ്ടൺ: യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുൻ സൈനിക മേജർ നിദാൽ ഹസ്സന്‍റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പെന്റഗൺ. ഡിസംബർ 3-ന് ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗൺ വക്താവ് സ്ഥിരീകരിച്ചു. ഒന്നിലധികം പേർ ഒരേസമയം റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന ഒരു വധശിക്ഷാ രീതിയാണിത്. ഇത് പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. 2009-ൽ ഫോർട്ട് ഹൂഡിൽ നിരായുധരായ 13 യുഎസ് സൈനികരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് നിദാൽ ഹസനെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഒരു അഭിമുഖത്തിൽ ശിക്ഷാവിധി പരസ്യമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പെന്റഗൺ വിവരങ്ങൾ പുറത്തുവിട്ടത്. ഇത്തരം ക്രൂരകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പൊതുജനങ്ങൾ മനസ്സിലാക്കാനാണ് ഇതെന്നും, ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ചുള്ള ശിക്ഷ നടപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേജർ നിദാൽ ഹസൻ 2009 നവംബറിലാണ് ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവെയ്പ്പ് നടത്തിയത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യുഎസ് സൈന്യത്തിൽ മേജർ റാങ്ക് വഹിച്ചിരുന്ന ആർമി സൈക്യാട്രിസ്റ്റായ ഹസ്സൻ, 2009 നവംബർ അഞ്ചിന് സൈനികർ പ്രതിരോധ കുത്തിവയ്പ്പുകൾക്കും മെഡിക്കൽ ക്ലിയറൻസിനുമായി നീണ്ട നിരയിൽ കാത്തുനിൽക്കുകയായിരുന്ന സൈനികർക്കുനേരെയാണ് വെടിയുതിർത്തത്. കേസിൽ 2013-ൽ സൈനിക കോടതി നിദാൽ ഹസന് വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് സൈന്യം ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്നത്. 1961-ന് ശേഷം യുഎസ് സൈന്യം നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷ കൂടിയാണിത്. വധശിക്ഷയുടെ തത്സമയ സംപ്രേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പെന്റഗൺ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam