വീട്ടിൽ വളർത്തിയ പുലി മതിലുചാടി നഗരത്തിലിറങ്ങി, 6 മണിക്കൂ‍ർ റോഡിൽ പരാക്രമം, പിടിവീണു; ഉടമയെ കണ്ടെത്താനായില്ല

Published : Feb 20, 2023, 08:24 PM ISTUpdated : Feb 20, 2023, 08:25 PM IST
വീട്ടിൽ വളർത്തിയ പുലി മതിലുചാടി നഗരത്തിലിറങ്ങി, 6 മണിക്കൂ‍ർ റോഡിൽ പരാക്രമം, പിടിവീണു; ഉടമയെ കണ്ടെത്താനായില്ല

Synopsis

പുലിയെ പിടികൂടിയെങ്കിലും ഏത് വീട്ടിലാണ്, ആരാണ് ഇതിനെ വളർത്തിയതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഉടമയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അധികൃതർ

പല തരത്തിലുള്ള വളർത്തുമൃഗങ്ങളെ നമ്മൾ വളർത്താറുണ്ട്. ചിലർ രഹസ്യമായി വന്യ മൃഗങ്ങളെയും വളർത്തുന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ പുലിയെയും കടുവയെയും ഒക്കെ വളർത്തിയവർ പിടിയിലാകുന്നത് ഈ മൃഗം കൂട്ടിൽ നിന്ന് പുറത്തിറങ്ങി നാട്ടിലാകെ പരാക്രമം കാട്ടുമ്പോഴാണ്. ഇപ്പോൾ പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്നതും അത്തരമൊരു വാർത്തയാണ്. പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലമാബാദിലാണ് രഹസ്യമായി വീട്ടിൽ പുള്ളിപ്പുലിയെ വളർത്തിവന്നിരുന്നത്. കഴിഞ്ഞ ദിവസം ഈ പുള്ളിപ്പുലി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് നഗരത്തിലേക്കിറങ്ങി. പിന്നീട് മണക്കൂറുകൾ നീണ്ട പരാക്രമത്തിന് ഒടുവിലാണ് ഈ പുലിയെ പിടികൂടാൻ സാധിച്ചത്. പുലിയെ പിടികൂടിയെങ്കിലും ഏത് വീട്ടിലാണ്, ആരാണ് ഇതിനെ വളർത്തിയതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഉടമയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അധികൃതർ.

പരാക്രമത്തിന്‍റെയും പരിഭ്രാന്തിയുടെയും ആറ് മണിക്കൂർ

പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലമാബാദിൽ കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കണ്ടത്. നഗരത്തിലെ ഏതോ വീട്ടിൽ വളർത്തിയ പുള്ളിപ്പുലി രക്ഷപെട്ട് തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. തെരുവിൽ പുലിയെ കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി. ആളുകളെ കണ്ടതോടെ പുലിയുടെ അവസ്ഥയും സമാനമായിരുന്നു. തിരക്കുള്ള റോഡിൽ പുലി കാറുകൾക്കിടയിലൂടെയും മറ്റും പാഞ്ഞു നടന്നു. പിന്നീട് ഒരു മതിൽ ചാടി കടക്കുന്നതിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പുലി നഗരത്തിലിറങ്ങിയെന്നറിഞ്ഞയുടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടികൂടാൻ ശ്രമം ആരംഭിച്ചു. എന്നാൽ ആറ് മണിക്കൂറോളം കഴിഞ്ഞാണ് ഇതിനെ പിടിക്കാനായത്. നഗരത്തിൽ പരിഭ്രാന്തി പരത്തിയ പുലിയെ മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷമാണ് പിടികൂടാനായതെന്ന് ഇസ്ലാമാബാദ് വൈൽഡ് ലൈഫ് മാനേജ്മെന്റ് ബോർഡ് ഡയറക്ടറായ താരിഖ് ബംഗാഷ് വ്യക്തമാക്കി. നാലു പേർക്ക് പരിക്കേറ്റതൊഴിച്ചാൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ടു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള ആൺ പുലിയാണ് പിടിയിലായതെന്നും നഗരത്തിലെ പഴയ മൃഗശാലയിലേക്ക് കൊണ്ടുപോയെന്നും താരിഖ് ബംഗാഷ് വ്യക്തമാക്കി. തെരുവിലിറങ്ങിയ പുള്ളിപ്പുലിയുടെ ഉടമ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.അതേസമയം പുലി നഗരത്തിലിറങ്ങിയതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?