
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച എത്തിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദഗ്ധർ വിലയിരുത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശനമെന്നതും ശ്രദ്ധേയം. റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
മ്യൂണിച്ചിസ്‍ നടന്ന സുരക്ഷാ ഉച്ചകോടിയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യൻ അധിനിവേശത്തിനു പിന്തുണ നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയത്. ബൈഡന്റെ സന്ദർശനത്തോടെ പ്രശ്നം കൂടുതൽ സങ്കീർണമായേക്കും. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ ആരോപിച്ചിരുന്നു. അതേസമയം, കൈകെട്ടി നോക്കി നിൽക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് ചൈനയും പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam