
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിസിസിപ്പിയിലെ ടുപെലോ നഗരത്തില്‍ വാള്‍മാര്‍ട്ടിന്‍റെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി പൈലറ്റ് മണിക്കൂറുകളായി നഗരത്തില്‍ വട്ടമിട്ടുപറക്കുന്നതായി റിപ്പോര്‍ട്ട്. വെസ്റ്റ് മെയിനിൽ വാൾമാർട്ടിലേക്ക് മനപ്പൂർവം ഇടിച്ചുകയറുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണ സാധ്യതകണക്കിലെടുത്ത് സ്റ്റോറുകളില്‍ നിന്നും മറ്റും ആളുകളെ ഒഴിപ്പിക്കുകയാണെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പൈലറ്റുമായി നേരിട്ട് സംസാരിക്കാനും പൊലീസിന് സാധിച്ചു. എല്ലാം ശരിയാകുന്നതുവരെ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
ആക്രമണമുണ്ടായാല്‍ എങ്ങനെ ബാധിക്കുമെന്ന് പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു. ടുപെലോ വിമാനത്താവളത്തിൽ നിന്ന് ബീച്ച്‌ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ചെറുവിമാനമാണ് 29കാരനായ പൈലറ്റ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റുകളുള്ളതാണ് വിമാനം. പൊലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുംസ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. രാവിലെ അഞ്ചുമുതലാണ് വിമാനം നഗരത്തിന് മുകളില്‍ പറത്താന്‍ തുടങ്ങിയത്.