'തട്ടിക്കൊണ്ടുപോയ' സിഖ് യുവതിയെ മുസ്ലിം ഭർത്താവിനൊപ്പം വിട്ട് പാക് കോടതി, നിർണായകമായത് യുവതിയുടെ കോടതി മൊഴി

By Web TeamFirst Published Sep 3, 2022, 11:01 AM IST
Highlights

പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ബന്ധുക്കൾ ആരോപിച്ച സിഖ് പെൺകുട്ടിയെ ഭർത്താവിനൊപ്പം വിടാൻ ഉത്തരവിട്ട് പാക് കോടതി. ദീന കൗർ എന്ന ദീന ബീബിയെ ഭർത്താവായ ഹിസ്ബുള്ളയ്ക്ക് ഒപ്പം വിടാമെന്നാണ് പാകിസ്ഥാൻ കോടതി വ്യക്തമാക്കിയിരിക്കുന്നത്

അമൃതസർ: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ബന്ധുക്കൾ ആരോപിച്ച സിഖ് പെൺകുട്ടിയെ ഭർത്താവിനൊപ്പം വിടാൻ ഉത്തരവിട്ട് പാക് കോടതി. ദീന കൗർ എന്ന ദീന ബീബിയെ ഭർത്താവായ ഹിസ്ബുള്ളയ്ക്ക് ഒപ്പം വിടാമെന്നാണ് പാകിസ്ഥാൻ കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കോടതിയിൽ വാദം കേൾക്കുമ്പോൾ ഭരണകൂടം ഇരുട്ടിൽ തപ്പുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് ഗുർചരൺ ലാൽ ആരോപിച്ചു. യുവതിയെ തട്ടിക്കാണ്ടുപോയി നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും നിക്കാഹ് നടത്തുകയും ആയിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലാ കോടതിയാണ് ദീനയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം 15 ലക്ഷം രൂപയുടെ ജാമ്യം നൽകാനും ഭർത്താവായ ഹിസ്ബുള്ളയോട് നിർദ്ദേശിച്ചു. അല്ലാത്തപക്ഷം, ദീനയെ സ്ത്രീകളുടെ അഭയകേന്ദ്രത്തിലേക്ക് തിരിച്ചയക്കുമെന്നും കോടതി വ്യക്തമാക്കി. കേസിന് പിന്നാലെ യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.  പ്രായപൂർത്തിയായ ദീന  ഭർത്താവിനൊപ്പം പോകാൻ തയ്യാറാണെന്നിരിക്കെ അഭയകേന്ദ്രത്തിൽ തടങ്കലിൽ വയ്ക്കുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. 

ഒപ്പം തന്നെ ഭർത്താവ് ഹിസ്ബുള്ള വിവാഹ രേഖ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മേജറായ വിദ്യാഭ്യാസമുള്ള പെൺകുട്ടിക്ക് സ്വന്തം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. ഇതേ കാര്യം യുവതിയും കോടതിയിൽ വ്യക്തമാക്കി. താൻ പ്രായപൂർത്തിയായതു മുതൽ എനിക്ക് തീരുമാനങ്ങൾ എടുക്കാം, എനിക്ക് വിദ്യാഭ്യാസവും ഉണ്ട്. ഭർത്താവിനൊപ്പം പോകാൻ തയ്യാറാണ്. തന്നെ മനസിലാക്കാൻ കഴിയുന്ന ഒരാളായിരിക്കും അദ്ദേഹം എന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. 

Read more: ഞെങ്ങി ഞെരുങ്ങി പാകിസ്ഥാൻ, പണികൊടുത്ത് പ്രളയവും, 47 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിലക്കയറ്റം

രാജ്യാന്തര തലത്തിൽ തന്നെ സംഭവം വിവാദമായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിച്ച് മതപരിവർത്തനം നടത്തി എന്നുമായിരുന്നു ആരോപണം. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ഇടപടെണമെന്നും മനുഷ്യാവകാശം ഉറപ്പുവരുത്തണമെന്നും കാണിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി ജയശങ്കറെയും പാക് പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റുകൾ വന്നിരുന്നു.

click me!