
ദില്ലി: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ കേന്ദ്ര സർക്കാരിന്‍റെ വിശദീകരണവും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ രംഗത്തെത്തി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യാപാര കരാറിന് അന്തിമ രൂപം നൽകിയെന്ന് പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർലമെന്‍റിൽ ഇത് പറയാൻ പ്രതിപക്ഷം അനുവദിച്ചില്ല. അയൽ രാജ്യങ്ങളെക്കാൾ മികച്ച കരാറാണ് ഇന്ത്യയ്ക്ക് കിട്ടിയത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് കരാർ യാഥാർത്ഥ്യമായത്. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ സൗഹൃദം കരാർ യാഥാർഥ്യമാക്കാൻ സഹായിച്ചെന്നും വാണിജ്യ മന്ത്രി വ്യക്തമാക്കി. കാർഷിക - ക്ഷീര ഉത്പന്നങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയുള്ള കരാറാണ് അമേരിക്കയും ഇന്ത്യയും തമ്മിൽ ധാരണയിലെത്തിയതെന്നും പിയൂഷ് ഗോയൽ വിവരിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വലിയ നേട്ടം ഉണ്ടാകും. ലക്ഷകണക്കിന് രൂപയുടെ നിക്ഷേപം കരാറിലൂടെ കിട്ടും. സംയുക്ത പ്രസ്താവനയും വിശദാംശങ്ങളും വൈകാതെ പുറത്തു വിടും എന്നും പിയൂഷ് ഗോയൽ വിവരിച്ചു. കരാറിന്‍റെ വിശദാംശങ്ങൾ തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവും വാണിജ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. ഇന്ത്യ - യു എസ് കരാറിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി കള്ളം പ്രചരിപ്പിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പ് എന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. 50 ശതമാനം താരിഫ് വന്നപ്പോൾ കരാറെവിടെ എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. ഇപ്പോൾ കരാർ യാഥാർത്ഥ്യമാകുമ്പോൾ അതിനെതിരെ പ്രചാരണം നടത്തുകയാണ് കോൺഗ്രസടക്കമുള്ള പാർട്ടികൾ. മുമ്പ് കോൺഗ്രസ് രാജ്യത്ത് അടിച്ചേൽപ്പിച്ച ആസിയാൻ കരാർ വേണ്ടെന്നു വച്ചത് നരേന്ദ്ര മോദിയാണെന്നും ഗോയൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കർഷകരെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല എന്നാണ് ഇന്ത്യ - അമേരിക്ക തർക്കം രൂക്ഷമായ സമയത്ത് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ കാർഷിക ഉത്പന്നങ്ങളും ഇന്ത്യ വാങ്ങും എന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. അമേരിക്കയിലെ കാർഷിക ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാകുമെന്ന് യു എസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസും അറിയിച്ചു. ഇത് അമേരിക്കൻ ഉത്പന്നങ്ങൾക്ക് വലിയ വിപണി ഒരുക്കുമെന്നാണ് ബ്രൂക്ക് റോളിൻസിന്‍റെ അവകാശവാദം. കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ തീരുവയിൽ തട്ടിയാണ് നേരത്തെ ഇന്ത്യ അമേരിക്ക വ്യാപാര കരാർ നിലച്ചത്. ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുള്ള തീരുവ 50 ൽ നിന്ന് 18 ആയി കുറച്ചത് ടെക്സ്റ്റൈൽസ് സമുദ്രോല്പന്നം, തുകൽ തുടങ്ങിയ മേഖലകൾക്ക് വൻ ഉണർവാണുണ്ടാക്കിയിരിക്കുന്നത്. മറ്റു വികസ്വര രാജ്യങ്ങളെക്കാൾ കുറവ് തീരുവ ഇന്ത്യയ്ക്ക് ട്രംപ് പ്രഖ്യാപിച്ചതും നേട്ടമാണ്. എന്നാൽ കാർഷിക രംഗത്ത് അമേരിക്കൻ ഉത്പന്നങ്ങളുമായി രാജ്യത്തെ കർഷകർക്ക് മത്സരിക്കേണ്ട സാഹചര്യം ഇത് ഒരുക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിട്ടുള്ളത്. ഇതാണ് സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam