
വാഷിങ്ടണ്‍: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ്. മംദാനി 'ഇന്ത്യൻ ജനതയെ വെറുക്കുന്നു' എന്നാണ് എറിക്കിന്‍റെ ആരോപണം. ഒരിക്കൽ ന്യൂയോർക്ക് ലോകത്തിലെ ഏറ്റവും മഹത്തായ നഗരമായിരുന്നുവെന്നും എന്നാൽ ഇന്ന് എല്ലാം നശിച്ച സ്ഥിതിയാണെന്നും എറിക് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എറിക്കിന്‍റെ പരാമർശം.
"പലചരക്ക് കടകൾ ദേശസാൽക്കരിക്കാൻ ആഗ്രഹിക്കുന്ന, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന, ജൂത ജനതയെ വെറുക്കുന്ന, ഇന്ത്യൻ ജനതയെ വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ്" ആണ് മംദാനിയെന്നാണ് എറിക്കിന്‍റെ ആരോപണം. നിയുക്ത മേയർ സുരക്ഷിതമായ തെരുവുകൾ, വൃത്തിയുള്ള തെരുവുകൾ, ന്യായമായ നികുതികൾ പോലുള്ള ലളിതമായ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എറിക് ആവശ്യപ്പെട്ടു.
അമേരിക്കയിലെ പ്രധാന നഗരങ്ങൾ ഇപ്പോൾ കടന്നുപോകുന്നത് തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണെന്ന് എറിക് പറഞ്ഞു. ഇതാണ് നഗരങ്ങളുടെ മോശം അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു- 'ഒരു കാലത്ത് ഈ നഗരം ലോകത്തിലെ ഏറ്റവും മഹത്തായ നഗരം ആയിരുന്നു. എന്നാൽ രാഷ്ട്രീയം കാരണം ഇപ്പോൾ ആ പദവി നഷ്ടപ്പെട്ടു.' സോഷ്യലിസ്റ്റ് നയങ്ങൾ കാരണം വൻകിട കമ്പനികൾ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ ഒരു പരിപാടിയിൽ മംദാനിയെ ഭ്രാന്തൻ എന്നാണ് എറിക് വിശേഷിപ്പിച്ചത്. മംദാനി ഭരിക്കുന്ന നഗരം നശിക്കും. ഇത്തരം ആശയങ്ങൾ പ്രചരിക്കാൻ കണസർവേറ്റീവുകൾ അനുവദിക്കരുത്. മഹത്തായ അമേരിക്കൻ നഗരത്തെ നശിപ്പിക്കാൻ പോകുന്നു. ഇത് രാജ്യത്തുടനീളം പടരാൻ അനുവദിക്കില്ല. ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റാണെന്നും എറിക് നേരത്തെ പറഞ്ഞിരുന്നു. 34 കാരനായ മംദാനി ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യൻ മേയറുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam