
എസെക്സ്: ടേക്ക് ഓഫിന് പിന്നാലെ ജലാശയത്തിലേക്ക് വിമാനം കൂപ്പുകുത്തിച്ച് പൈലറ്റ്. പിന്നാലെ നടന്നത് ആത്മഹത്യാ ശ്രമമെന്ന് റിപ്പോർട്ട്. ഇന്നലെയാണ് ബ്രിട്ടൻ സ്വദേശിയായ പൈലറ്റിന്റെ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. എസക്സിലെ ചെംസ്ഫോർഡിലെ ഹാനിംഗ്ഫീൽഡ് തടാകത്തിലേക്കാണ് ഞായറാഴ്ച ചെറുവിമാനം കൂപ്പുകുത്തിയത്. ബീഗിൽ ബി 121 പപ് ഇനത്തിലുള്ള ചെറുവിമാനത്തിൽ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. നോർത്ത് വീൽഡ് എയർഫീൽഡിലെ വിമാനത്താവളത്തിൽ നിന്ന് രാവിലെ പതിനൊന്നേ മുക്കാലോടെയായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 32 കിലോമീറ്റർ അകലെ നിന്നായിരുന്നു ടേക്ക് ഓഫ്. സത്തേൻഡ് വിമാനത്താവളത്തിലേക്കായിരുന്നു ബീഗിൽ ബി 121 പപ് പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരേയും വിമാനവും കണ്ടെത്താനുള്ള തെരച്ചിൽ നടക്കുന്നതിനിടെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടേഴ്സ് പൈലറ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പൈലറ്റ് വിശദമാക്കുന്ന കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. 1970ൽ നിർമിച്ച വിമാനമാണ് ബീഗിൽ ബി 121 പപ്.
മൂന്ന് പേർക്ക് സഞ്ചരിക്കാവുന്ന വിമാനം 1800 അടി ഉയരത്തിൽ വച്ചാണ് റഡാറുകളിൽ നിന്ന് കാണാതായത്. സെക്കൻഡുകൾക്കുള്ളിൽ വിമാനം തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വിമാനത്തേക്കുറിച്ചുള്ള അവസാന സിഗ്നൽ ലഭിക്കുന്നത്. തടാകക്കരയിൽ നിരവധിപ്പേർ അവധി ആഘോഷത്തിനായി എത്തിയിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് വിമാനം തടാകത്തിലേക്ക് കൂപ്പുകുത്തിയത്. ഫ്ലൈറ്റ് ഡാറ്റയിൽ നിന്ന് ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 1 മണിക്കൂറും 23 മിനിറ്റുമാണ് വിമാനം പറന്നത്. സംഭവത്തിന് പിന്നാലെ തടാകം അടച്ചിട്ടിരിക്കുകയാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam