
റോം: റോമിൽ മാർപാപ്പയെ കാണുന്നത് അജണ്ടയിലില്ലെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ പരിപാടികളിൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇറ്റലിയുമായുള്ള ചർച്ചകളെക്കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. യു എ ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി റോമിലെത്തിയ മോദിക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. സുഹൃത്തിന് സ്വാഗതം എന്ന പരാമർശമടങ്ങുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ സെൽഫി ഇതിനകം വൈറലായിട്ടുണ്ട്. മെലോണിയുമായി മോദിയുടെ ചർച്ച ഇന്നുണ്ടാകും. 'ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് ഇക്കണോമിക് കോറിഡോർ' ശക്തിപ്പെടുത്തുന്നതിനും 2025 - 2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മപദ്ധതി അവലോകനം ചെയ്യുന്നതിനും ഇരു നേതാക്കളും ചർച്ചകൾ നടത്തും. പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി, ബഹിരാകാശം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും 2029 ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് മോദി ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ റോം ആസ്ഥാനമായുള്ള യു എൻ ഭക്ഷ്യ - കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും.
സാങ്കേതിക വിദ്യ കൈമാറ്റത്തിലും നൂതന ആശയങ്ങളുടെ വികാസത്തിലും സഹകരിച്ച് നീങ്ങുന്ന തന്ത്രപ്രധാന ബന്ധമായി ഇന്ത്യയ്ക്കും നോർഡിക് രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തെ മാറ്റാൻ ധാരണയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് നോർഡിക് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ ഉച്ചകോടിയിലാണ് ഈ ധാരണ. സ്വീഡൻ, നോർവെ, ഡെൻമാർക്ക് , ഫിൻലാൻഡ്, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ഉച്ചകോടിക്കെത്തി. നോർഡിക് രാജ്യങ്ങൾ ഹരിതോർജ രംഗത്തുൾപ്പടെ നൂതന സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറും സമുദ്ര രംഗത്ത് സഹകരിച്ച് നീങ്ങാനും ഉച്ചകോടിയിൽ ധാരണയായി. ഇന്ത്യ യൂറോപ്പിയൻ യൂണിയൻ വ്യപാര കരാർ എല്ലാ അർത്ഥത്തിലും നടപ്പാക്കും പശ്ചിമേഷിയയിലെ സംഘർഷം അവസ്ഥാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും ഉച്ഛകോടി അംഗീകരിച്ച സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു ഭീകരവാദത്തെ ഒന്നിച്ച് ചെറുക്കാനും ഉച്ഛകോടിയിൽ ധാരണയായി. രണ്ടായിരത്തി പതിനെട്ടിലും രണ്ടായിരത്തി ഇരുപത്തിരണ്ടിലുമാണ് ഇതിന് മുമ്പ് ഇന്ത്യ - നോർഡിക് ഉച്ചകോടികൾ നടന്നത്. നോർവേ സന്ദർശനം പൂർത്തിയാക്കി ഇറ്റലിയിലെത്തിയ മോദി, ജോർജിയ മെലോണിയുമായി ചർച്ചകൾ നടത്തിയതിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam