'ബാവി' ചുഴലിക്കാറ്റ് ചൈനയിലെ തായ്‌ഷൗവിൽ കരതൊട്ടതിനെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചൈനയിൽ എത്തുന്നതിന് മുൻപ് തായ്‌വാനിലും ഫിലിപ്പീൻസിലും കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ചിരുന്നു. ഫിലിപ്പീൻസിൽ 17 പേർ മരിക്കുകയും തായ്‌വാനിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെൻഷൗ: 'ബാവി' ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി വൈകി കിഴക്കൻ ചൈനയിലെ തീരദേശ നഗരമായ തായ്‌ഷൗവിൽ കരതൊട്ടു. ചൈനയിൽ കരകയറുന്നതിന് മുൻപ് ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്‌വാന്റെ വടക്കൻ മേഖലകളിലും കാറ്റ് നാശം വിതച്ചിരുന്നു. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മഴമേഘങ്ങൾ കനത്ത ഭീഷണിയാണ്.
മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ചൈനീസ് തീരത്തേക്ക് അടിച്ചുകയറിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി തായ്‌ഷൗ ഉൾപ്പെടുന്ന സെജിയാങ് പ്രവിശ്യയിൽ നിന്ന് മാത്രം 1.7 മില്യണിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അയൽ പ്രവിശ്യയായ ഫുജിയാനിൽ നിന്നും ബെയ്ജിംഗിൽ നിന്നും ഒരു ലക്ഷത്തിലധികം ആളുകളെയും, ഷാങ്ഹായിൽ നിന്ന് 34,000 പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോഴും, മുൻവർഷങ്ങളിലെ അനുഭവപരിചയമുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ആവശ്യമായ വെള്ളവും ഭക്ഷണസാധനങ്ങളും ശേഖരിച്ച് വീടുകളിൽ കഴിയുകയാണ്.
ചുഴലിക്കാറ്റ് തായ്‌വാനിൽ നേരിട്ട് കരതൊട്ടില്ലെങ്കിലും അതിശക്തമായ മഴയും കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു. പർവ്വത മേഖലകളിൽ നിന്ന് പതിനാലായിരത്തിലധികം ആളുകളെ തായ്‌വാൻ സർക്കാർ ഒഴിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി അന്താരാഷ്ട്ര-ആഭ്യന്തര വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കുകയും പ്രധാന വിമാനത്താവളം അടച്ചിടുകയും ചെയ്തു. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച ദ്വീപിൽ ട്രെയിൻ സർവീസുകൾ വെട്ടിച്ചുരുക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകുകയും നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. തായ്‌വാനിൽ കാറ്റിൽപ്പെട്ട് 113 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബാവി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കനത്തതിനെത്തുടർന്ന് ഫിലിപ്പീൻസിൽ വലിയ ദുരന്തമാണ് സംഭവിച്ചത്. കനത്ത പ്രളയത്തിലും മഴക്കെടുതിയിലും പെട്ട് ഫിലിപ്പീൻസിൽ 17 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


