
ബെയ്ജിങ്: അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചർച്ച നാളെ നടക്കും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിൻജിയാനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ജപ്പാനിലെ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയാണ് മോദി ചൈനയിലിറങ്ങിയത്.
ടോക്യോയിൽ നിന്ന് ആൽഫ എക്സ് ബുള്ളറ്റ് ട്രെയിനിൽ അടുത്ത നഗരമായ സൻഡൈയിൽ എത്തിയ പ്രധാനമന്ത്രിയെ ജാപ്പനീസ് ജനത മോദി സാൻ എന്ന് വിളിച്ച് സ്വീകരിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെറു ഇഷിബ മോദിക്ക് ഉച്ചവിരുന്ന് നൽകി. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനത്തിന് ജപ്പാന് ഏറെ സംഭാവന നൽകാനാകുമെന്ന് വിവിധ പ്രവിശ്യകളുടെ ഗവർണ്ണർമാരുമായുള്ള കൂടിക്കാഴ്ചയിൽ മോദി ചൂണ്ടിക്കാട്ടി. ജപ്പാനിലെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യൻ സമയം വൈകിട്ട് നാലിന് മോദി ചൈനയിലെ ടിൻജിയാനിലെത്തി. ഇന്ത്യൻ സമയം നാളെ രാവിലെ ഒമ്പതരയ്ക്ക് നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്കിനെ കാണും. നാല്പത്തിയഞ്ചു മിനിറ്റ് കൂടിക്കാഴ്ചയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ ഇരു നേതാക്കളും വിലയിരുത്തും. തീരുവ അടക്കം വ്യാപാര രംഗത്തെ വിഷയങ്ങൾ ഉയർന്നു വരാനാണ് സാധ്യത. ഇന്ത്യയിലേക്ക് തുരങ്ക നിർമ്മാണത്തിന് അടക്കമുള്ള യന്ത്രങ്ങൾ കയറ്റി അയക്കുന്നതിന് ചൈന പച്ചക്കൊടി കാട്ടിയേക്കും. അമേരിക്കൻ തീരുവ നേരിടാൻ സമുദ്രോല്പന്നങ്ങൾ അടക്കം ചൈനയിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത ഇന്ത്യ കൂടിക്കാഴ്ചയിൽ ആരായും.
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായും ഒരു മണിക്കൂർ ചർച്ച മോദി നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടെ, ട്രംപ് ഇന്ത്യയ്ക്ക് ഇരട്ട തീരുവ പ്രഖ്യാപിച്ചത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കൊണ്ട് മാത്രമല്ല എന്ന് ന്യൂയോർക്ക് ടൈംസ് ഇതിനിടെ റിപ്പോർട്ട് ചെയ്തു. ജൂൺ പതിനേഴിന് ജി 7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയുമായി ഡോണൾഡ് ട്രംപ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇന്ത്യ- പാക് സംഘർഷം നിര്‍ത്താൻ ഇടപെട്ടതിന് പാകിസ്ഥാൻ തനിക്ക് നൊബെൽ സമ്മാനം ശുപാർശ ചെയ്ത് കാര്യം ട്രംപ് സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ട്രംപിന് ഇതിൽ പങ്കില്ലെന്നും വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതാണെന്നും മോദി തുറന്നടിച്ചു എന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ ക്ഷുഭിതനായാണ് ട്രംപ് ഇന്ത്യയ്ക്ക് ഇരട്ട തീരുവ പ്രഖ്യാപിച്ചതാണെന്നാണ് ഉന്നത വ്യത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പറയുന്നത്. റിപ്പോർട്ടിനോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.