
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ കാരണം മോദിക്ക് തന്നോട് നീരസമുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ വെട്ടിക്കുറച്ചതായും ട്രംപ് അവകാശപ്പെട്ടു.
"എനിക്ക് മോദിയുമായി വളരെ നല്ല ബന്ധമുണ്ട്. പക്ഷേ അദ്ദേഹം എന്നോട് അത്ര ഹാപ്പിയല്ല. കാരണം അവർ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കുന്നുണ്ട്. എന്നാൽ അവർ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് ഗണ്യമായി കുറച്ചു"- മോദി വ്യക്തിപരമായി താനുമായി കൂടിക്കാഴ്ച നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് ചുമത്തിയത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതുമായി ബന്ധപ്പെട്ട 25 ശതമാനം അധിക തീരുവയും ഇതിൽ ഉൾപ്പെടുന്നു. റഷ്യയുമായുള്ള ഊർജ്ജ വ്യാപാരത്തിൽ നിന്ന് രാജ്യങ്ങളെ തടയാനുള്ള യുഎസിന്‍റെ സമ്മർദ തന്ത്രത്തിന്‍റെ ഭാഗണിത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇനിയും കുറച്ചില്ലെങ്കിൽ ഇന്ത്യ കൂടുതൽ പിഴ ഒടുക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാപാര പ്രശ്‌നങ്ങൾക്കൊപ്പം ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന സൈനിക ഇടപാടുകളും ട്രംപ് പരാമർശിച്ചു. വർഷങ്ങളായി ഇന്ത്യ അപ്പാഷെ ഹെലികോപ്റ്ററുകൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ഇന്ത്യ 68 എണ്ണം ഓർഡർ ചെയ്തെന്നും ട്രംപ് പറഞ്ഞു.അതോടൊപ്പം തീരുവ കുറയ്ക്കുമെന്ന സൂചനയും ട്രംപ് നൽകി- "ഞങ്ങളത് മാറ്റാൻ പോവുകയാണ്. കാരണം ഇന്ത്യ 68 അപ്പാഷെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്".
അതേസമയം ഈ ആഴ്ചയുടെ തുടക്കത്തിൽ, എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞത് തീരുവ വർദ്ധന തുടരും എന്നാണ്. റഷ്യൻ എണ്ണ വിഷയത്തിൽ അവർ പിന്നോട്ടുപോയില്ലെങ്കിൽ ഇന്ത്യയ്ക്കുള്ള തീരുവ ഉയർത്തും എന്നാണ് ട്രംപ് പറഞ്ഞത്. അന്ന് പറഞ്ഞത് ഇങ്ങനെയാണ്- "പ്രധാനമന്ത്രി മോദി വളരെ നല്ല മനുഷ്യനാണ്. ഞാൻ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. അവർ വ്യാപാരം ചെയ്യുന്നു. നമുക്ക് അവരുടെ മേൽ വളരെ വേഗത്തിൽ തീരുവ ഉയർത്താൻ കഴിയും".
തീരുവ സംബന്ധിച്ച അഭിപ്രായഭിന്നത തുടരുമ്പോഴും ഉഭയകക്ഷി വ്യാപാര ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രംപും മോദിയും അടുത്തിടെ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ചർച്ചകൾ തുടരാനുള്ള സന്നദ്ധത ഇരുപക്ഷവും പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam