അറബ് ആഫ്രിക്കൻരാജ്യങ്ങളും ഇന്ത്യയും ഉൾപ്പെട്ട സുരക്ഷ സഖ്യത്തിന് ഇസ്രയേൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സഖ്യം രൂപീകരിക്കുന്നതിൽ ഇന്ത്യയ്ക്ക് എന്ത് പങ്കുണ്ടാവും എന്ന സുചന രണ്ടു നേതാക്കളും വാർത്താസമ്മേളനത്തിൽ നല്കിയില്ല.

ജറുസലേം: ഇന്ത്യയ്ക്കും ഇസ്രയേലിനും ഇടയിലെ സഹകരണം സവിശേഷ തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനും നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. പ്രതിരോധ, സുരക്ഷ മേഖലകളിൽ ഒന്നിച്ച് നീങ്ങും. ഗാസ സമാധാന പദ്ധതിയെ അനുകൂലിച്ച പ്രധാനമന്ത്രി ഭീകരതയ്ക്കെതിരെ ഇസ്രയേലിനൊപ്പം ഉറച്ചു നില്ക്കുന്ന നയം തുടരുമെന്നും പ്രഖ്യാപിച്ചു. ഇസ്രയേൽ മുന്നോട്ടു വച്ച സുരക്ഷ സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായില്ല. ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി തൻറെ രണ്ടാം യാത്രയിൽ ഇന്ത്യ ഇസ്രയേൽ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്.

സാങ്കേതിക വിദ്യ കൈമാറ്റം, യുപിഐ, സാംസ്കാരികം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ രണ്ടു രാജ്യങ്ങളും കാരാറുകളിൽ ഒപ്പു വച്ചു. പ്രതിരോധ രംഗത്ത് അയൺ ഡോം അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറുന്നതിനെ ഇസ്രയേൽ അനുകൂലിച്ചു. ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര കരാറിനും ധാരണയുണ്ടാകുമെന്ന് നരേന്ദ്ര മോദി അറിയിച്ചു. അറബ് ആഫ്രിക്കൻരാജ്യങ്ങളും ഇന്ത്യയും ഉൾപ്പെട്ട സുരക്ഷ സഖ്യത്തിന് ഇസ്രയേൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സഖ്യം രൂപീകരിക്കുന്നതിൽ ഇന്ത്യയ്ക്ക് എന്ത് പങ്കുണ്ടാവും എന്ന സുചന രണ്ടു നേതാക്കളും വാർത്താസമ്മേളനത്തിൽ നല്കിയില്ല. ഇറാൻ യുഎസ് സംഘർഷം സമാധാനപരമായി പരിഹരക്കണം എന്ന നിലപാടാണ് പ്രധാനമന്ത്രി ചർച്ചയിൽ അറിയിച്ചത്. 

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇല്ലാത്ത ഇന്ത്യ തുടരും. എന്നാൽ സംഘർഷങ്ങൾ എല്ലാ രാജ്യങ്ങളെയും, പ്രത്യേകിച്ച് ഗ്ളോബൽ സൗത്തിനെ ബാധിക്കുമെന്ന് മോദി വ്യക്തമാക്കി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ് ഇടനാഴി, ഇന്ത്യ ഇസ്രയേൽ യുഎഇ യുഎസ് കൂട്ടായ്മ എന്നിവയുമായി മുന്നോട്ടു പോകും. ജൂത വംശഹത്യയുടെ സ്മാരതമായ യാദ് വെഷമിൽ രണ്ടു നേതാക്കളും ഒന്നിച്ചു സന്ദർശനം നടത്തി. ഇന്നലെ ഇസ്രയേൽ പാർലമെൻറിൻറെ സ്പീക്കർ മെഡൽ മോദി സ്വീകരിച്ചിരുന്നു. ഇതാദ്യമായാണ് പാർലമെൻറ് ഒരു വിദേശ നേതാവിന് ഈ മെഡൽ നല്കുന്നത്. ഒരു കാലത്ത് ഇന്ത്യ ഇസ്രയേലിനോട് അകന്ന് നിന്നെങ്കിൽ സവിശേഷ തന്ത്രപ്രധാന ബന്ധമായി ഇതു ഉയ‍ർത്തിക്കൊണ്ട് യുഎസ് കഴിഞ്ഞാൽ ഇസ്രയേലിൻറെ ഏറ്റവും അടുത്ത പങ്കാളിയായി മോദി ഇന്ത്യയെ മാറ്റുകയാണ്.